
മെട്രൊ 4, 4 എയുടെ ആദ്യഘട്ട പരീക്ഷണയോട്ടം വിജയകരം
നവിമുംബൈ: താനെയില്‍ നിന്ന് വഡാലയിലേക്കുള്ള പുതിയ മെട്രൊ പാതകളായ 4, 4 എ എന്നിവയുടെ ഒന്നാം ഘട്ടത്തിന്‍റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. മുംബൈ മെട്രൊപൊളിറ്റന്‍ മേഖലയിലുടനീളമുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ചേര്‍ന്ന് ആദ്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇരുവരും 4 കിലോമീറ്റര്‍ ദൂരത്തില്‍ ട്രെയിനില്‍ സഞ്ചരിക്കുകയും ചെയ്തു.
താനെ നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന മെട്രൊ ഇടനാഴികളാണ് മെട്രൊ 4, 4എ എന്നിവ. മെട്രൊ 4 എയുടെ കാസര്‍വഡാവ്ലി മുതല്‍ ഗൈയ്മുഖ് വരെയുള്ള ഭാഗമാണ് തുറക്കുന്നത്. രണ്ട് സ്റ്റേഷനുകളാണിത്. 949 കോടി രൂപയാണ് 4എ പാതയ്ക്കായി കണക്കാക്കിയിരിക്കുന്നത്.
വഡാല- ഘാട്‌കോപര്‍താനെ മേഖലയെ ബന്ധിപ്പിക്കുന്ന, 15000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് മെട്രൊ 4. ഇതില്‍ നിന്ന് 8 സ്‌റ്റേഷനുകളാകും ആദ്യഘട്ടത്തില്‍ തുറക്കുക. വഡാല വരെ മെട്രൊ 4 തുറക്കുന്നതോട നഗര ഗതാഗതത്തില്‍ നിര്‍ണായകമായി മാറുന്ന പാതയായി ഇത് മാറും.