നവിമുംബൈ വിമാനത്താവളത്തിന്‍റെ ആദ്യഘട്ട ഉദ്ഘാടനം ബുധനാഴ്ച
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ബുധനാഴ്ച നവിമുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഏറെ നാളത്തെ മുംബൈക്കാരുടെ സ്വപ്‌നമാണ് സഫലമാകുന്നത്. ഉച്ചയ്ക്ക് 2.40ന് നവിമുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന അദ്ദേഹം ടെര്‍മിനല്‍ ഒന്ന് സന്ദര്‍ശിച്ചതിന് ശേഷമാകും പൊതുസമ്മേളനത്തിനായി എത്തുക. 19,647 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളത്തിന് തറക്കല്ലിട്ടതും മോദിയാണ്.
2160 ഏക്കറിലായി നിര്‍മിച്ചിരിക്കുന്ന വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടമാണ് തുറക്കുന്നത്. ആദ്യം സര്‍വീസുകള്‍ക്ക് ഡിസംബര്‍ വരെ കാത്തിരിക്കണമെങ്കിലും നവിമുംബൈയുടെ വികസന മുന്നേറ്റത്തില്‍ നിര്‍ണായകമായ പദ്ധതിയാണ് നവിമുംബൈ വിമാനത്താവളം. ഡിസംബര്‍ മുതല്‍ 12 മണിക്കൂറായിരിക്കും വിമാനത്താവളം പ്രവര്‍ത്തിക്കുക.
2007ല്‍ പ്രാഥമിക അനുമതി നല്‍കിയാണ് പദ്ധതിയാണ് നവിമുംബൈ വിമാനത്താവളം . 2010ല്‍ സംസ്ഥാനതലത്തില്‍ അനുമതികള്‍ നല്‍കിയെങ്കിലും ഭൂസമാഹരണം, പരിസ്ഥിതി അനുമതികള്‍ തുടങ്ങിയ വെല്ലുവിളികള്‍ നിലനിന്നിരുന്നു. പിന്നീട് 2018ലാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്.
രണ്ടു ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന പദ്ധതി നവി മുംബൈ മേഖലയില്‍ വലിയ വികസനങ്ങള്‍ക്കാണ് വഴി തുറന്നിടുന്നത്.മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും, സുഗമവും സാങ്കേതികവിദ്യാധിഷ്ഠിതമായ യാത്രാനുഭവം പ്രദാനം ചെയ്യാനും പുതിയ വിമാനത്താവളം സഹായിക്കുമെന്നാണ് പ്രതീക്ഷ.
അദാനി ഗ്രൂപ്പിന് 74 ശതമാനവും സിഡ്‌കോയ്ക്ക് 26 ശതമാനവും ഓഹരിപങ്കാളിത്തമാണ് ഉള്ളത്.നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിനാണ്. നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന വിമാനത്താവളത്തിന്‍റെ ആദ്യഘട്ടമാണ് ഇപ്പോള്‍ തുറക്കുന്നത്. പൂര്‍ണസജ്ജമാകാന്‍ 2035 വരെ കാത്തിരിക്കേണ്ടി വരും