ഹാർമണി അൺവീൽഡ് മൂന്നാം പതിപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു

ഡോ. സുരേഷ്‌കുമാർ മധുസൂദനനും പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ചേർന്നാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്
Harmony Unveiled

ഹാർമണി അൺവീൽഡ് മൂന്നാം പതിപ്പ് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

Updated on

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക ദർശനത്തെയും ലോകസമാധാനത്തിനും മാനവപുരോഗതിക്കുമുള്ള അതിന്റെ പ്രസക്തിയെയും പ്രതിപാദിക്കുന്ന ഹാർമണി അൺവീൽഡ്- ശ്രീനാരായണ ഗുരൂസ് ബ്ലൂപ്രിന്‍റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ് (Harmony Unveiled – Sree Narayana Guru’s Blueprint for World Peace and Progress) എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.

ഡോ. സുരേഷ്‌കുമാർ മധുസൂദനനും പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ചേർന്നാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) ചെയർമാൻ ഡോ. എൻ. എം. ഷറഫുദ്ദീൻ, അർബാനിയോ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ശ്രീ. ജയകൃഷ്ണൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ കാലാതീതമായ ദർശനവും ലോകസമാധാനം, സാമൂഹിക സൗഹാർദം, സമത്വം, മാനവപുരോഗതി എന്നിവയിൽ അവയ്ക്കുള്ള പ്രസക്തിയും ലോകത്തിനു മുന്നിലെത്തിക്കുന്ന ഗ്രന്ഥത്തിന്റെ അന്താരാഷ്ട്ര യാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് മൂന്നാം പതിപ്പിന്റെ പ്രകാശനം. ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് 2024 നവംബർ 29-ന് വത്തിക്കാനിൽ, സർവമത സമ്മേളനത്തിൽവച്ച് ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വമാനവിക സന്ദേശം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തിക്കുന്ന ശ്രദ്ധേയമായ വേദിയായി ഈ ചടങ്ങ് മാറി.

തുടർന്ന് രണ്ടാം പതിപ്പ് ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള വിക്ടോറിയ പാർലമെന്റിൽ നടന്ന ആഗോള സർവ്വമത പാർലമെന്റിൽ വെച്ച് വിക്ടോറിയൻ പാർലമെന്റിലെ ചീഫ് ഗവൺമെന്റ് വിപ്പ് ലീ ടാർലാമിസ് OAM MP പ്രകാശനം ചെയ്തു. ഡോ. ശശി തരൂർ എം.പി., ചാണ്ടി ഉമ്മൻ എം.എൽ.എ., ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഹാർമണി അൺവെയിൽഡിന്റെ അന്താരാഷ്ട്ര അംഗീകാരത്തിന് കൂടുതൽ തിളക്കം പകരുന്നതാണ് ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ-പാർലമെന്ററി സ്ഥാപനങ്ങളുടെ ഗ്രന്ഥശേഖരങ്ങളിൽ പുസ്തകത്തിന് ലഭിച്ച സ്ഥാനം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ലൈബ്രറി, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലൈബ്രറി, ബ്രിട്ടീഷ് കൗൺസിൽ, ബ്രിട്ടീഷ് പാർലമെന്റ്, വിക്ടോറിയ പാർലമെന്റ്, ഫിലിപ്പീൻസിലെ ബറ്റാംഗാസ് യൂണിവേഴ്‌സിറ്റി, ബാങ്കോക്കിലെ രാജഭട്ട് യൂണിവേഴ്‌സിറ്റി എന്നിവയുടെ ഗ്രന്ഥശേഖരങ്ങളിൽ ഹാർമണി അൺവെയിൽഡ് ഇടം നേടിയിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ അൻപതിലധികം സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രന്ഥശേഖരങ്ങളിലും പുസ്തകം ലഭ്യമാണ്. ശ്രീനാരായണ ഗുരുദേവന്റെ ദർശനം അന്താരാഷ്ട്ര അക്കാദമിക സമൂഹത്തിലേക്കും പുതിയ തലമുറയിലേക്കും എത്തിക്കുന്നതിൽ ഇത് ശ്രദ്ധേയമായ നേട്ടമാണ്.

സമത്വം, സാഹോദര്യം, വിദ്യാഭ്യാസം, കാരുണ്യം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയ ഗുരുദേവ ദർശനങ്ങളെ വിശാലമായ ആഗോള സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഹാർമണി അൺവെയിൽഡ് ലക്ഷ്യമിടുന്നത്. സംഘർഷങ്ങളും സാമൂഹികവും മതപരവുമായ ഭിന്നതകളും വർധിച്ചുവരുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ ഗുരുദേവ ദർശനത്തിന്റെ പ്രസക്തി കൂടുതൽ ആഴത്തിൽ പഠിക്കപ്പെടുന്നതിനും അന്താരാഷ്ട്ര അക്കാദമിക തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതിനും ഗ്രന്ഥം സഹായകമാകുമെന്ന് രചയിതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറും ഇൻഡോ ഗൾഫ് ആൻഡ് മിഡ്‌ഡിലെ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് (INMECC) സെക്രട്ടറി ജനറലുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ആഗോള വേദികളിലൂടെയും ശ്രീനാരായണ ഗുരുദേവന്റെ ദർശനം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. ഹിമാലയൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനും ഗവേഷകനുമായ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ ഗുരുദേവ ദർശനം, വിദ്യാഭ്യാസം, മാനവിക മൂല്യങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി പഠനങ്ങളും പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

വത്തിക്കാനിൽനിന്ന് മെൽബണിലെ വിക്ടോറിയ പാർലമെന്റിലേക്കും അവിടെനിന്ന് കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റിലേക്കുമുള്ള ഹാർമണി അൺവെയിൽഡിന്റെ യാത്ര, “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും എത്തിക്കാനുള്ള തുടർച്ചയായ പരിശ്രമത്തിന്റെ ഭാഗമാണ്.

logo
Metro Vaartha
www.metrovaartha.com