അച്ചടിവിദ്യയിൽനിന്ന് ആയുർവേദത്തിലേക്ക്

ജീവിതപാഠങ്ങളിൽ നിന്നാർജിച്ച അറിവുകളിലൂടെയാണ് നവി മുംബൈ നിവാസിയായ ശിവശങ്കർ നായർ നിരവധി പേരുടെ അസുഖങ്ങൾ ഭേദമാക്കി പുതുജീവൻ നൽ‌കിയത്
അച്ചടിവിദ്യയിൽനിന്ന് ആയുർവേദത്തിലേക്ക്
Updated on

# ആർദ്ര ഗോപകുമാർ

ഷായക്കൂട്ടുകളുടെയും നാട്ടുപച്ചമരുന്നുകളുടെയും നറുമണം ന്യൂ മുംബൈയ്ക്ക് ആശ്വാസം പകരാൻ തുടങ്ങിയിട്ട് ഏറെ കാലമായി, കൃത്യമായി പറഞ്ഞാൽ 20 വർഷം... മലയാളികളെന്നോ ഉത്തരേന്ത്യനെന്നോ ഭേദമില്ലാതെ ദിനം തോറും അയ്‌രോളിയിലെ സ്നേഹ ആയുർവേദിക്കിലേക്ക് ചികിത്സ തേടി എത്തുന്നവർ തന്നെയാണ് അതിനുള്ള തെളിവ്. മുംബൈയിൽ തിരക്കേറിയ ജീവിതത്തിനിടയിലും ഇത്രയധികം പേർ ആയുർവേദത്തെ തേടിയെത്തുന്നതിനു പിന്നിൽ സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം ആയുർവേദത്തിൽ പ്രാഗത്ഭ്യം നേടിയ ശിവശങ്കരൻ നായർ എന്ന പാലക്കാട്ടുകാരന്‍റെ കഠിനാധ്വാനത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും ജീവിത കഥയുണ്ട്.

ജീവിതപാഠങ്ങളിൽ നിന്നാർജിച്ച അറിവുകളിലൂടെയാണ് നവി മുംബൈ നിവാസിയായ ശിവശങ്കർ നായർ നിരവധി പേരുടെ അസുഖങ്ങൾ ഭേദമാക്കി പുതുജീവൻ നൽ‌കിയത്.

പാലക്കാട്ടെ ഷൊർണൂരിൽ നിന്ന് 1982 ൽ മുംബൈയിലെത്തുമ്പോൾ പ്രിന്‍റിങ് ഡിപ്ലോമ ആയിരുന്നു ശിവശങ്കരൻ നായരുടെ വിദ്യാഭ്യാസ യോഗ്യത. പക്ഷേ, നാളുകൾ പിന്നിടുമ്പോൾ ആയുർവേദ വിദഗ്ധൻ എന്ന വിശേഷണം അദ്ദേഹത്തിന്‍റെ പേരിനു പിന്നിൽ ഇടം പിടിച്ചിരിക്കുന്നു.

ആയുർവേദ ചികിത്സയിൽ തനിക്ക് നേരിട്ട് അറിവുകളൊന്നുമില്ലായിരുന്നുവെന്ന് ശിവങ്കരൻ നായർ പറയുന്നു. ഭാര്യ അഞ്ജലിയുടെ ഗർഭകാലമാണ് ജീവിതത്തെ മാറ്റി മറിച്ചതെന്ന് വേണമെങ്കിൽ പറയാം. ഭാര്യയെ നിരന്തരമായി പിന്തുടർന്നിരുന്ന അസുഖങ്ങളിൽ നിരാശപൂണ്ടിരിക്കുമ്പോഴാണ് ആയുർവേദം പരീക്ഷിക്കാമെന്ന തീരുമാനത്തിലെത്തുന്നത്.

ഭാര്യയെ ചികിത്സിക്കാനെത്തിയ ആയുർവേദ ഡോക്‌ടർമാർ കുറിക്കുന്ന മരുന്നുകളും അതിനെക്കുറിച്ച് നൽകുന്ന അറിവുകളുമായിരുന്നു ആയുർവേദത്തിൽ ആദ്യമായി ലഭിക്കുന്ന അറിവ്. അന്നൊക്കെ കിലോ മീറ്ററുകളോളം നടന്നായിരുന്നു വൈദ്യന്മാരെ കണ്ടുകൊണ്ടിരുന്നത്. ആയുർവേദ ചികിത്സ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കാനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അക്കാലത്താണ് മനസിൽ മൊട്ടിട്ടത്.

ആ സമയത്താണ് തൊടുപുഴയിലുള്ള നാഗാർജുന ആയുർവേദ സെന്‍റർ കമ്പനി വിപുലീകരിക്കാനായി പുതിയ ഫ്രാഞ്ചൈസി മുംബൈയിൽ തുടങ്ങാന്‍ ആളുകളെ അന്വേഷിക്കുന്നതായി അറിഞ്ഞത്. അങ്ങനെ 1994ൽ പുതിയ ഫ്രൈഞ്ചൈസി ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചു. അക്കാലത്ത് അത്തരമൊരു ആയുർവേദ വൈദ്യശാല തുടങ്ങുക എന്നത് വലിയ കാര്യമായിരുന്നു. കൃത്യമായ രോഗ പരിചരണം, വേണ്ടത്ര ഡോക്റ്റർമാർ, മരുന്നുകളുടെ ലഭ്യത എന്നിങ്ങനെ ചികിത്സ തേടിയെത്തുന്നവർക്ക് സഹായകമാകുന്നതെല്ലാം ലഭ്യമാക്കിയിരുന്നു. പകൽ സമയങ്ങളിൽ ജീവിക്കാനുള്ള മറ്റ് മാർഗങ്ങളിൽ മുഴുകുമ്പോൾ തന്നെ വൈകുന്നേരത്തോടെ ആളുകൾക്ക് മിതമായ ചെലവിൽ കൺസൾട്ടിംഗ് നടത്തുന്നതായിരുന്നു രീതിയെന്ന് ശിവശങ്കരൻ നായർ ഓർമി‌ക്കുന്നു. തികച്ചു ജീവകാരുണ്യ പ്രവർത്തനം എന്ന നിലയിലായിരുന്നു അക്കാലത്ത് സ്ഥാപനം നടത്തിയിരുന്നത്.

കടയിൽ വന്നിരിക്കുന്ന മറ്റു വൈദ്യന്മാരുമായുള്ള സംഭാഷണമാണ് ശിവശങ്കരൻ നായരെ ഏറെ സഹായിച്ചത്. മരുന്നുകളെക്കുറിച്ച് അവരോട് ചോദിച്ച് മനസിലാക്കിയും സംശയങ്ങൾ ചോദിച്ചും ആയുർവേദത്തിലുള്ള തന്‍റെ അറിവുകൾ വളർത്തിയെടുത്തു. 1994-ൽ നവി മുംബൈ അയ്‌രോളിയിൽ (Airoli) സ്വന്തമായി സ്നേഹ ആയുർവേദിക് ട്രീറ്റ്‌മെന്‍റ് സെന്‍റർ എന്ന ക്ലിനിക്കും ആരംഭിച്ചു.

1997 മുതൽ മറ്റ് സംഘങ്ങളുടെയും അസോസിയേഷന്‍റെയും പ്രഗത്ഭരായ 4-5 ഡോക്‌ടർമാരുടെയും സഹായത്തോടെ മെഡിക്കൽ ക്യാമ്പുകൾ നടത്തിയതോടെ കൂടുതൽ ആളുകളിലേക്ക് ആയുർവേദത്തിന്‍റെ ഗുണങ്ങൾ എത്തിക്കാനായി. സ്കൂളുകളിലും കോളെജുകളിലും, വിശേഷ ദിനങ്ങളിലും കൺസൾട്ടിങ് നടത്തി തികച്ചും സൗജന്യമായി മരുന്നുകൾ നൽകി. രോഗികളെ നേരിട്ട് കണ്ട് , അവരുടെ ബുദ്ധിമുട്ടുകൾ കേട്ട് കൃത്യമായ ലക്ഷണങ്ങൾ മനസിലാക്കി അതിന് കൃത്യമായ മരുന്നുകൾ കൊടുക്കുക എന്നതായിരുന്നു ശിവശങ്കർ നായരുടെ രീതി. കേരള ആയുർവേദ ചികിത്സ രീതി ആയതിനാൽ നിരവധി ആളുകൾ തനിക്കരികിലേക്ക് എത്താൻ തുടങ്ങിയെന്ന് ശിവശങ്കരൻ നായർ പറയുന്നു. രോഗ ല‍ക്ഷണങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കേരളത്തിലെത്തി ചികിത്സിക്കണമെന്ന നിർദേശവും ചിലർക്ക് നൽകാറുണ്ട്.

2010നുള്ളിൽ ആയുർവേദത്തിൽ ശിവശങ്കരൻ നായർ പ്രഗത്ഭനായി. അതോടെ പൂർണമായും ആയുർവേദ ചികിത്സാ രീതിയിലേക്ക് ഇറങ്ങി പ്രവർത്തിക്കാന്‍ തുടങ്ങി. സാമൂഹിക പ്രവർത്തനത്തിലൂടെ ആയുർവേദത്തിന് പ്രചാരണം നൽകിയതിനെ മുൻ നിർത്തി 2019ൽ ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്ന് 'ഡോക്‌ടർ ഓഫ് ലെറ്റേഴ്സിനും' അർഹനായി.

കാന്‍സർ പോലുള്ള മാരക രോഗങ്ങളുടെ ആരംഭഘട്ടത്തിലും രോഗശാന്തിയിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന അവസരങ്ങളിലും ആയുർവേദം ഫലപ്രദമായി ഉപയോഗിക്കാനായി എന്ന് അഭിമാനത്തോടെ ശിവശങ്കർ നായർ പറയുന്നു. ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗമില്ലെന്ന് വിധിയെഴുതപ്പെട്ട അസുഖങ്ങളും കിഡ്നി സ്റ്റോൺ, പൈൽസ് പോലുള്ള രോഗങ്ങളും ഇദ്ദേഹത്തിന്‍റെ മരുന്നുകൾക്കുമുന്നിൽ അടിയറവ് പറഞ്ഞ ചരിത്രമുണ്ട്.

പിന്നീട് കൊവിഡ് കാലത്താണ് നാഗാർജുന ആയുർവേദ സെന്‍ററിൽ നിന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഫ്രാഞ്ചൈസിലേക്ക് മാറിയത്. അതോടെ രോഗികൾക്ക് മിതമായ ചിലവിൽ കൺസൾട്ടിങ്ങും മരുന്നുകളും നൽകാനായി. ആ സമയത്ത് നേരിട്ട് രോഗികളെ കാണാന്‍ സാധിക്കാത്തതിനാൽ ഫോണിലൂടൊയിരുന്നു കൺസൾട്ടിങ്. ഇവർക്കു വേണ്ട മരുന്നുകളും മറ്റു സാധനങ്ങളും അവരുടെ വീട്ടുപടിക്കൽ എത്തിക്കാനും മടി കാണിച്ചിരുന്നില്ല.

സർക്കാരിന്‍റെ ആയുഷ് പദ്ധതിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ശിവശങ്കരൻ നായർക്കുള്ളത്. ആയുർവേദ ചികിത്സയ്ക്ക് ഇത്രയധികം പ്രചാരം ലഭിക്കാന്‍ പദ്ധതി കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പണ്ട് കഷായം, നാട്ടുമരുന്നെന്നൊക്കെ കേൾക്കുമ്പോൾ വലിയ താത്പര്യം കാണിക്കാതെയിരുന്നവരിൽ വലിയ മാറ്റമാണിപ്പോൾ ഉണ്ടായിട്ടുള്ളതന്നും അദ്ദേഹം പറയുന്നു.

ന്യൂ മുംബൈയിൽ ഭാര്യ അഞ്ജലി നായരും ശിവശങ്കരൻ നായർക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്. കൂടെ മക്കളായ സ്നേഹ നായരും സൂരജ് നായരും.

ശിവശങ്കരൻ നായർ

വൈദ്യരത്നം പി.എസ്. വാരിയേഴ്സ് ആര്യവൈദ്യശാല, കോട്ടയ്ക്കൽ

സ്നേഹ ആയുർവേദിക് ട്രീറ്റ്‌മെന്‍റ് സെന്‍റർ

കേരളത്തിന്‍റെ തനതായ ആയുർവേദ മരുന്നുകളും പഞ്ചകർമ ചികിത്സയും

AL4/19/4, സംഗം അപ്പാർട്ട്‌മെന്‍റ്, സെക്റ്റർ-16, അയ്‌രോളി, നവി മുംബൈ - 400 708

ഫോൺ: 98206 29122, 90823 40626

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com