ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര; പൊലീസ് വലയത്തിൽ മുങ്ങാൻ മുംബൈ, വിന്യസിക്കുക 24,000 പൊലീസുകാരെ

സെപ്റ്റംബർ 14ന് ആരംഭിച്ച ഗണേശ ചതുർഥിക്ക് അനന്ത ചതുർദശി ദിനമായ വെള്ളിയാഴ്ച നടക്കുന്ന വിഗ്രഹ നിമജ്ജനത്തോടെ സമാപനമാകും

Ganesha idol immersion procession; Mumbai set to be enveloped in a police security ring.

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര; പൊലീസ് വലയത്തിൽ മുങ്ങാൻ മുംബൈ

Updated on

മുംബൈ: ഗണേശ ചതുർഥിയുടെ അവസാന ദിവസത്തിൽ നടക്കുന്ന നിമജ്ജന ഘോഷയാത്രകളുടെ സുരക്ഷ ഉറപ്പാക്കാൻ മുംബൈയിൽ വൻ പൊലീസ് വിന്യാസം. സമാപന ദിവസമായ വെള്ളിയാഴ്ച നഗരത്തിൽ 24,000 പൊലീസുകാരെയാണ് വിന്യസിക്കുക.

സെപ്റ്റംബർ 14ന് ആരംഭിച്ച ഗണേശ ചതുർഥിക്ക് അനന്ത ചതുർദശി ദിനമായ വെള്ളിയാഴ്ച നടക്കുന്ന വിഗ്രഹ നിമജ്ജനത്തോടെ സമാപനമാകും. നിമജ്ജന ഘോഷയാത്രകളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുക്കും. അതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തുന്നത്. വാഹനഗതാഗതം സുഗമമാക്കുന്നതിനായി വിവിധ മേഖലകളിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രമസമാധാന ചുമതലയുള്ള ജോയിന്‍റ് പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. ജോയിന്‍റ് പൊലീസ് കമ്മിഷണർ (ട്രാഫിക്) ഗതാഗത നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ആറ് ജോയിന്‍റ് കമ്മിഷണർമാർ, ഒൻപത് അഡിഷണൽ കമ്മിഷണർമാർ, 38 ഡെപ്യൂട്ടി കമ്മിഷണർമാർ, 66 അസിസ്റ്റന്‍റ് കമ്മിഷണർമാർ, 3,213 പൊലീസ് ഉദ്യോഗസ്ഥർ, 18,940 കോൺസ്റ്റബിൾമാർ തുടങ്ങിയവരെ വിന്യസിക്കും.

റാപ്പിഡ് ആക്ഷൻ ഫോഴ്സ്, സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ്, ഫോഴ്സ് വൺ, ക്വിക് റെസ്പോൺസ് ടീമുകൾ, ലോ ആൻഡ് ഓർഡർ പ്ലാറ്റൂണുകൾ, കലാപ നിയന്ത്രണ സംഘങ്ങൾ, ഡെൽറ്റ, കോംബാറ്റ് യൂണിറ്റുകൾ, ആന്‍റി ഡ്രോൺ സംഘങ്ങൾ, ഹോം ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങളെയും നിയോഗിക്കും.

ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡ് (ജെവിഎൽആർ), ലാൽബാഗ്, കാലാചൗക്കി തുടങ്ങിയ പ്രധാന മേഖലകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. എൽ ആൻഡ് ടി ഫ്ലൈഓവർ മുതൽ ഐഐടി മാർക്കറ്റ് ഗേറ്റ് വരെയുള്ള ജെവിഎൽആറിന്‍റെ വടക്കോട്ടും തെക്കോട്ടുമുള്ള പാതകളിൽ എല്ലാ വാഹനങ്ങൾക്കും കർശനമായ നോ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. ഇതിന് പുറമെ ജെവിഎൽആറിന്‍റെ ഇരുവശങ്ങളിലുമുള്ള പാതകളിലൂടെ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മധ്യ മുംബൈയിലെ ലാൽബാഗ്, കാലാചൗക്കി മേഖലകളിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ പ്രധാന റോഡുകളിൽ മുഴുവൻ സമയ പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോംറേഡ് കൃഷ്ണ ദേശായി ചൗക്ക് (ഭാരത് മാത ജങ്ഷൻ) മുതൽ ഹൻസ്രാജ് റാത്തോഡ് ചൗക്ക് (ബാവ്ല കോമ്പൗണ്ട് ജങ്ഷൻ) വരെയുള്ള ഡോ. ബി.ആർ. അംബേദ്കർ റോഡിന്‍റെ തെക്കോട്ടും വടക്കോട്ടുമുള്ള പാതയിലാണ് പാർക്കിങ് നിരോധനം.

യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിതിരിച്ചുവിടൽ അടയാളങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com