ഗുരുദേവഗിരി തീര്‍ഥാടന രജതജൂബിലി ആഘോഷം സമാപിച്ചു

ഘോഷയാത്രയിലും സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു
Gurudevagiri Pilgrimage Silver Jubilee Celebrations Concluded

ഘോഷയാത്രയിലും സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു

Updated on

നവിമുംബൈ: നെരൂള്‍ നഗരത്തെ ഭക്തിസാഗരമാക്കി ഗുരുദേവഗിരി തീര്‍ഥാടനത്തിന്‍റെ രജത ജൂബിലിയും ഇരുപത്തിയഞ്ചാമത് ഗുരുദേവഗിരി തീര്‍ഥാടന മഹോത്സവവും സമാപിച്ചു. പതിവ് പൂജകള്‍ക്കുശേഷം രാവിലെ 8 .30നു പൊതുദര്‍ശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു.

നെരൂള്‍ ശിവാജി ചൗക്കില്‍ നിന്നും പുഷ്പാലംകൃത രഥത്തില്‍ ഗുരുദേവന്‍റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീര്‍ഥാടന ഘോഷയാത്രയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തര്‍ അണി നിരന്നു. ഘോഷയാത്ര ഗുരുദേവഗിരിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മഹാഗുരുപൂജ ആരംഭിച്ചു.

ഗുരുപൂജയ്ക്കു ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസിമാരായ ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർഥ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ ,സ്വാമി സത്യാനന്ദ തീര്‍ഥ, ഗുരുദേവഗിരിയില്‍ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ച സ്വാമി ബ്രഹ്‌മാനന്ദ, സ്വാമിനി നിത്യ ചിന്മയി ദേവി, സിംഗപ്പൂരില്‍ നിന്നും എത്തിയ രമണിസിദ്ധ മാതാജി, ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയിലെ സന്യാസിമാരായ സ്വാമി ബ്രഹ്‌മാനന്ദ, സ്വാമിനി നിത്യ ചിന്മയി ദേവി ക്ഷേത്രം ശാന്തിമാരായ ഷിലന്‍ , രതീഷ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

പൂജയ്ക്കു ശേഷം ആയിരങ്ങള്‍ പങ്കെടുത്ത സമൂഹസദ്യ നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മപ്രചരണസഭ പ്രസിഡന്‍റ് സ്വാമി ഗുരുപ്രസാദ്, എന്‍. മോഹന്‍ദാസ് , വി.വി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒ.കെ. പ്രസാദ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു. എം.എം. രാധാകൃഷ്ണന്‍ കണ്‍വീനറായിട്ടുള്ള സമിതി ഇവന്‍റ് മാനേജ്മെന്‍റ് കമ്മറ്റിയായിരുന്നു പരിപാടികള്‍ നിയന്ത്രിച്ചത്. തീര്‍ഥാടന ഘോഷയാത്രയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച യൂണിറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം മീരാറോഡ്, വാശി, പന്‍വേല്‍ യൂണിറ്റുകള്‍ കരസ്ഥമാക്കി.

ഗുരുദേവന്‍റെ തിരുശേഷിപ്പ് കുടികൊള്ളുന്ന ഗുരുദേവഗിരിയിലേക്ക് അറിവുതേടിയുള്ള ഭക്തജനങ്ങളുടെ തീര്‍ഥാടനം അനുദിനം വര്‍ധിച്ചുവരുന്നുവെന്നും ഇത് ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നുവെന്നും സമിതി ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com