മഹാരാഷ്ട്രയിലെ ഇന്‍ഡിഗോ ജീവനക്കാരിയുടെ മരണം കൊലപാതകം; ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്‍റെ ഭാര്യ

തന്റെ ഭര്‍ത്താവുമായി വര്‍ഷയ്ക്കുണ്ടായിരുന്ന ബന്ധത്തില്‍ അതൃപ്തിയുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യ 13 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍
Death of Indigo employee is a murder

വര്‍ഷ തുര്‍ക്കര്‍

Updated on: 

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഇന്‍ഡിഗോ ജീവനക്കാരിയായിരുന്ന വര്‍ഷ തുര്‍ക്കര്‍ (35) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികള്‍ അറസ്റ്റില്‍. തന്‍റെ ഭര്‍ത്താവുമായി വര്‍ഷയ്ക്കുണ്ടായിരുന്ന ബന്ധത്തില്‍ അതൃപ്തിയുണ്ടായിരുന്ന ആൺസുഹൃത്തിന്‍റെ ഭാര്യ 13 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ മോണ അഗർവാൾ (41) ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പൂനെ ജില്ലയിലെ ധനോരി സ്വദേശിയായ വര്‍ഷ തുര്‍ക്കര്‍ ദീപാവലി അവധിക്ക് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുള്ള കിന്‍ഹി ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടില്‍ എത്തിയതായിരുന്നു. നവംബര്‍ 14ന് ആൺസുഹൃത്തായ നിതേഷ് അഗര്‍വാളിനൊപ്പം ഗോണ്ടിയയിലെ തിറോഡയിലേക്ക് പോയി മടങ്ങുന്നതിനിടെ, ദവാനിവാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോണ്‍ഡ്രാനി ഗ്രാമത്തിലെ വനമേഖലയിലുള്ള ശിവക്ഷേത്രത്തിന് സമീപം ഇരുവരും വാഹനം നിര്‍ത്തി. വൈകിട്ട് അഞ്ചരയ്ക്കും ആറിനും ഇടയില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം വര്‍ഷയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വയറിലും പുറത്തും കുത്തേറ്റ വര്‍ഷ സംഭവസ്ഥലത്തുതന്നെ മരിച്ചു.

നിതേഷ് അഗര്‍വാള്‍ ബാലഘട്ടിലേക്ക് വര്‍ഷയെ കാണാന്‍ പോയപ്പോള്‍ പ്രതികള്‍ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. നിതേഷിന്‍റെ കാര്‍ ഭാര്യയുടെ പേരിലായിരുന്നുവെന്നും അതില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനം ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ ലൊക്കേഷന്‍ വിവരങ്ങളുടെ സഹായത്തോടെ ബൈക്കില്‍ പിന്തുടര്‍ന്ന അക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ അസ്വസ്ഥയായിരുന്ന മോണ ആണ് ഗൂഢാലോചനയുടെ സൂത്രധാരയെന്ന് പൊലീസ് പറഞ്ഞു.