

വിജയദശമിയോടനുബന്ധിച്ചു നെരൂള്‍ ഗുരുദേവഗിരിയില്‍ നടന്ന വിദ്യാരംഭം ചടങ്ങ്
നവിമുംബൈ: അറിവിന്റെ ഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ഭൗതിക തിരുശേഷിപ്പിന്റെ സാന്നിധ്യം കൊണ്ട് പവിത്രമായ നെരൂള്‍ ഗുരുദേവഗിരിയിലെ ശ്രീനാരായണ ഗുരു അന്തര്‍ദേശീയ പഠനകേന്ദ്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നാല്‍പ്പതിലധികം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ഗുരുദേവഗിരി കോംപ്ലക്സില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി. രതീഷ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. ഗുരുപൂജയ്ക്കും ഉഷഃപൂജയ്ക്കും ശേഷം പൂജ എടുക്കല്‍ ചടങ്ങു നടന്നു. തുടര്‍ന്ന് വിദ്യാരംഭത്തിന് തുടക്കംകുറിച്ചു. വിദ്യാരംഭത്തിന് ശേഷം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീവിദ്യാ പൂജയും നടന്നു.