Raj Thackeray and Uddhav Thackeray to come together; huge rally in Maharashtra on July 5

രാജ് തക്കറെയും ഉദ്ധവ് താക്കറെയും

രാജ് തക്കറെയും ഉദ്ധവ് താക്കറെയും ഒന്നിച്ചെത്തും; മഹാരാഷ്ട്രയില്‍ ജൂലൈ 5ന് വമ്പന്‍ റാലി

മറാഠി വിജയ് ദിവസില്‍ പാര്‍ട്ടി കൊടികള്‍ ഉണ്ടാകില്ലെന്നും നേതാക്കള്‍
Published on

മുംബൈ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിച്ച നടപടി പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതോടെ ഇത് സംയുക്തമായി ആഘോഷിക്കാന്‍ ശിവസേന ഉദ്ധവ് വിഭാഗവും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഒന്നിച്ച് റാലി നടത്തുന്നു. തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പേ ശിവസേനയില്‍ നിന്ന് വിട്ടുപോയ രാജ് താക്കറെയും അദ്ദേഹം രൂപികരിച്ച എംഎന്‍എസും ഉദ്ധവ് വിഭാഗവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുതാക്കറെമാരും ഒന്നിച്ചെത്തുന്നത്.

കൊടിതോരണങ്ങള്‍ ഇല്ലാതെ മറാഠികള്‍ക്കായി താക്കറെമാര്‍ എത്തുമെന്നാണ് ഇരുവരും സംയുക്തമായി അറിയിച്ചിരിക്കുന്നത്. ബിഎംസി തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒന്നിച്ച് മത്സരിച്ചാല്‍ ബിജെപിക്കും ശിവസേന ഷിന്‍ഡെയ്ക്കും കടുത്ത വെല്ലുവിളിയും ഉയരും. വര്‍ളിയിലെ എന്‍എസ്സിഐ ഡോമില്‍നിന്നും അഞ്ചിന് രാവിലെ 10ന് റാലി ആരംഭിക്കും. മറാഠി വിജയ് ദിവസ് എന്ന് പേരിട്ട് നടത്തുന്ന പരിപാടിയുടെ ക്ഷണക്കത്തില്‍ സംഘാടകരായി സഹോദരന്മാരുടെ മക്കളായ ഉദ്ധവ് താക്കറെയുടെയും രാജ് താക്കറെയുടെയും പേരുകള്‍ ഒരുമിച്ചാണ് കൊടുത്തിരിക്കുന്നത്.

പരിപാടിയില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിയോ, ചിഹ്നങ്ങളോ ഉണ്ടാകില്ലെന്നും പകരം മഹാരാഷ്ട്രയുടെ ഒരു ഗ്രാഫിക് ഇമേജ് ആയിരിക്കും റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിടിക്കാന്‍ നല്‍കുക എന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരു പൊതുപരിപാടിയില്‍ എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com