ഓവര്‍ടൈമിന് കൂടുതല്‍ ശമ്പളം; തൊഴില്‍ നിയമം അംഗീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

2026-ലെ മഹാരാഷ്ട്ര വേതന നിയമങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
Higher pay for overtime; government approves labour law

ഓവര്‍ടൈമിന് കൂടുതല്‍ ശമ്പളം; തൊഴില്‍ നിയമം അംഗീകരിച്ച് സര്‍ക്കാര്‍

Updated on: 

മുംബൈ: മഹാരാഷ്ട്രയില്‍ ദിവസവേതനക്കാരുടെ ജോലിസമയം, മിനിമം വേതനം, വിശ്രമം, ഓവര്‍ടൈം എന്നിവയ്ക്ക് ഏകീകൃത വ്യവസ്ഥകള്‍. 2026-ലെ മഹാരാഷ്ട്ര വേതന നിയമങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

2019-ലെ വേതനകോഡിന് കീഴില്‍ വരുന്ന ജീവനക്കാരുടെ വേതനസംരക്ഷണം പുതിയ ചട്ടക്കൂട് ശക്തിപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി ആകാശ് ഫുണ്ട്കര്‍ പറഞ്ഞു. 1963ലെ മഹാരാഷ്ട്ര മിനിമംവേതന നിയമം, മഹാരാഷ്ട്ര പെയ്മന്റ് ഓഫ് വേജസ് നിയമം എന്നിവ ഇതോടെ ഇല്ലാതായി. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം നിര്‍ണയിക്കുന്നതിന് ഇത് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ വ്യവസ്ഥകള്‍ പ്രകാരം ദിവസവേതനക്കാര്‍ക്ക് ഒരു സാധാരണപ്രവൃത്തി ദിവസമെന്നത് എട്ട് മണിക്കൂറായിരിക്കും. പ്രവൃത്തിസമയം ആഴ്ചയില്‍ 48 മണിക്കൂറില്‍ കവിയരുത്. ആഴ്ചതോറും ഒരുദിവസം വിശ്രമം നല്‍കണം. വിശ്രമദിനത്തില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ പകരം അവധി നല്‍കണം. സാധാരണ വേതനനിരക്കിന്റെ ഇരട്ടിയില്‍ കുറയാത്ത ഓവര്‍ടൈം തുക നല്‍കണം.

അലവന്‍സുകളും മറ്റും ജീവനക്കാരന്റെ മൊത്തം വേതനത്തിന്റെ 50 ശതമാനത്തില്‍ കൂടുതലാകുമ്പോള്‍ അധികതുക വേതനത്തില്‍ ലയിപ്പിക്കും. വേതനം നിശ്ചയിക്കുന്നതിലും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ നിര്‍ണയത്തിലും കൂടുതല്‍ സ്ഥിരത കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥ. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനും മുന്‍പായി വര്‍ഷത്തില്‍ രണ്ട് തവണ വേരിയബിള്‍ ക്ഷാമബത്ത പരിഷ്‌കരിക്കണം.