ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഐഐടി ബോംബെ നിലവിൽ ഏറെ പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അസോസിയേഷൻ
The deceased Sahil Wakode

മരിച്ച സഹിൽ വകോഡെ

Updated on

മുംബൈ: ഐഐടി ബോംബെ വിദ്യാർഥി സാഹിൽ വാകോഡെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് ഐഐടി ബോംബെ അലുമ്നി അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ‘മാധ്യമ വിചാരണ’ പാടില്ലെന്നും സംഘടന വ്യക്തമാക്കി.

“ഈ ദാരുണ സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവും വേഗത്തിലുള്ളതുമായ അന്വേഷണത്തെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. എല്ലാ നടപടിക്രമങ്ങളും പൂർണമായ നീതിയോടെയും മുൻവിധികളില്ലാതെയും നടത്തണമെന്ന് അഭ്യർഥിക്കുന്നു. ഓൺലൈൻ ഊഹാപോഹങ്ങൾക്കും മാധ്യമ വിചാരണകൾക്കും ഏതെങ്കിലും വ്യക്തിക്കെതിരായ അടിസ്ഥാനരഹിതമായ നിഗമനങ്ങൾക്കും എതിരാണ് ഞങ്ങളുടെ ശക്തമായ നിലപാട്”- അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഐഐടി ബോംബെ നിലവിൽ ഏറെ പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥാപനത്തിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും തുല്യതയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന അന്തരീക്ഷം ആവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.

എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥിയായ സാഹിൽ വാകോഡെയെ സെപ്റ്റംബർ 18ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെമസ്റ്റർ പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതായി ആരോപിച്ച് പിടികൂടിയതിന് മണിക്കൂറുകൾക്കുശേഷമായിരുന്നു സംഭവം.

logo
Metro Vaartha
www.metrovaartha.com