"ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു" എന്ന പ്രമേയം ഉയർത്തിക്കൊണ്ട് 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (എസ്.ഐ. ബി.എഫ്. 2024) നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കും.
സാമൂഹിക പുരോഗതിയുടെ കെട്ടുറപ്പിന് വായനയുടെയും വിജ്ഞാനത്തിന്‍റെയും മഹത്തായ പങ്ക് വെളിപ്പെടുത്തുന്നതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. തിരിച്ചറിവിലേക്കുള്ള ഓരോ യാത്രയും ആരംഭിക്കുന്നത് പുസ്തകത്തില്‍ നിന്നാണെന്ന് ഇവിടെ പ്രഖ്യാപിക്കപ്പെടുന്നു. ലോകത്തുള്ള വിവിധ സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്നതിൽ പുസ്തകങ്ങളുടെ പങ്ക് സുപ്രധാനമാണ്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എഴുത്തുകാരെയും കലാകാരന്മാരെയും ഒന്നിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. എല്ലാ മഹത്തായ സംസ്കാരത്തിന്‍റേയും അടിത്തറ പാകുന്നത് പുസ്തകങ്ങളാണ്. രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങളാണ് സാഹിത്യത്തിലുള്ളത്.
112 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകരും പ്രദർശകരും 400-ലേറെ എഴുത്തുകാരും അവരുടെ ഏറ്റവും പുതിയ കൃതികളും ഷാർജയിലെത്തും. പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്നെഴുതിയ Harmony Unveiled: Sree Narayana Guru's Blueprint for World Peace and Progress എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഈ അന്താരാഷ്ട്ര പുസ്തകമേളയിൽ നടക്കും. 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ 11:30 ന് റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശനം.
ലോകസമാധാനവും ലോകമാകെയുള്ള പുരോഗതിയും ലക്ഷ്യമാക്കിയ ശ്രീനാരായണ ഗുരു എന്ന തത്ത്വചിന്തകന്റെ പരിവർത്തനാത്മകമായ ദർശനങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. ഏരീസ് ഗ്രൂപ്പിന്‍റെയും എഐഎംആർഐയുടെയും സ്ഥാപകനും ചെയർമാനുമായ ശ്രീ സോഹൻ റോയ് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് കൃതി പരിചയപ്പെടുത്തും.
സാർവത്രികമായ സൗഹാർദ്ദം, മാനവ ഐക്യം, സാംസ്കാരിക മുന്നേറ്റം, സാമ്പത്തിക സമത്വം, സമാധാനത്തിനായുള്ള കൂട്ടായ്മ എന്നിങ്ങനെ ഗുരുവിന്‍റെ കാഴ്ചപ്പാടുകൾ ഇക്കാലത്ത് കൂടുതൽ പ്രസക്തമാകുന്നത് എന്തുകൊണ്ടാണെന്ന് ഗ്രന്ഥകർത്താക്കൾ ഈ കൃതിയിലൂടെ വിശകലനം ചെയ്യുന്നു.
ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത് അവിസ്മരണീയമായ ഒരു ഇടത്തിലാണ്. ചിന്തകർക്കും സാഹിത്യ ആസ്വാദകർക്കും സാമൂഹിക സേവകർക്കും ഇതര വായനക്കാർക്കും ഈ പുസ്തകം പ്രചോദനമാകുമെന്നതിൽ സംശയമില്ല. കലുഷിതമായ ലോകത്ത്, സമാധാനത്തിനുള്ള ഫലപ്രദമായ പരിഹാരങ്ങൾ തേടുന്നതിനുള്ള ഗുരുദർശനങ്ങളാണ് ഈ പുസ്തകത്തിലുടനീളം.
ശ്രീനാരായണ ഗുരുവിന്‍റെ ജീവിതരേഖയിൽ അടയാളപ്പെട്ടു കിടക്കുന്ന സാഹോദര്യം, ഒരുമ, അനുകമ്പ, ജ്ഞാനം, പുരോഗതി, ഏകലോകം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിധ്വനിയായി ഈ കൃതി അനുഭവപ്പെടുമെന്ന് തീർച്ച. ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.