

ആറാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍
മുംബൈ: പാല്‍ഘറില്‍ സ്‌കൂളില്‍ വൈകിയെത്തിയതിന് 100 തവണ ഏത്തമിടാന്‍ നിര്‍ബന്ധിതയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. വസായ് സതിവാലിയിലെ സ്വകാര്യ സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട അധ്യാപികക്കെതിരേ നരഹത്യക്ക് കേസ് രജിസ്റ്റര്‍ചെയ്തതായി വാലിവ് പൊലീസ് പറഞ്ഞു.
നവംബര്‍ എട്ടിന് വൈകി സ്‌കൂളിലെത്തിയ പെണ്‍കുട്ടിയെ 100 തവണ ഏത്തമിടാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. അധ്യാപിക നല്‍കിയ മനുഷ്യത്വരഹിതമായ ശിക്ഷയുടെ ഫലമായാണ് പെണ്‍കുട്ടി മരിച്ചതെന്നും സ്‌കൂള്‍ ബാഗ് പുറകില്‍ വെച്ചാണ് ഏത്തമിടീച്ചതെന്നും അമ്മ ആരോപിച്ചു.
പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ശിക്ഷ സഹിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുദിവസത്തിനുശേഷം പെണ്‍കുട്ടി മരിച്ചു.