
ജാപ്പാനീസ് കമ്പനിയായ സിസ് മെക്സ് ഭാരവാഹികൾ ശ്രീനാരായണ മന്ദിര സമിതി ഭാരവാഹികളോടും വിദ്യാർഥികളോടുമൊപ്പം
മുംബൈ: മുംബൈ ശ്രീനാരായണ മന്ദിര സമിതിയുടെ കീഴിലുള്ള ശ്രീനാരായണ ഗുരു കോളേജിന് ഒരു ലക്ചർ ഹാളും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പ്രത്യേകിച്ച് മറാഠി മീഡിയത്തിലെ വിദ്യാർഥികൾക്ക് രണ്ട് സെറ്റ് യൂണിഫോമുകളും നൽകി ജാപ്പനീസ് കമ്പനിയായ സിസ്മെക്‌സ് കോർപ്പറേഷൻ. കമ്പനിയുടെ മേധാവികളായ മാത് സുയി, സാട്ടോരോ ഓട്ടോ, അനിൽ പ്രഭാകരൻ തുടങ്ങി പതിനഞ്ചോളം പ്രതിനിധികൾ ചെമ്പൂരിൽ മന്ദിരസമിതി ആസ്ഥാനത്ത് നടത്തിയ ചടങ്ങിൽ പങ്കെടുത്തു.
1963ൽ സ്ഥാപിച്ച ശ്രീനാരായണ മന്ദിര സമിതിയുടെ കീഴിൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി പതിനൊന്നോളം വിദ്യഭ്യാസ സ്ഥാപനങ്ങളുണ്ട്. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്ത ഗുരുവചനങ്ങളെ പിന്തുടരുന്ന മന്ദിര സമിതി 1974ലാണ് ഹൈസ്കൂൾ ആരംഭിക്കുന്നത്. ചേരികളിൽ വസിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞുവെന്നതാണ് വലിയ നേട്ടമായി കരുതുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു. സമിതിയുടെ കീഴിലുള്ള മറാഠി, ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ നൂറു ശതമാനം വിജയം ഉറപ്പാക്കിയാണ് ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതെന്നും പ്രസാദ്.
സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് സിസ്മെക്‌സ് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി മറാഠി ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് യൂണിഫോമുകൾ നൽകി സഹായിച്ചു കൊണ്ടിരിക്കുന്നതും പ്രത്യേകം പരാമർശിച്ചു. അതിനു പുറമെയാണ് ലക്ചർ ഹാൾ സംഭാവന നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും വലിയ ഒരു സ്ഥാപനം മന്ദിര സമിതിയുമായി സഹകരിക്കുന്നതിനും സംഭാവന നൽകിയതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും കമ്പനി ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു.
രാജ്യത്തിന്‍റെ വികസനം വിദ്യാഭ്യാസത്തിലൂടെയാണ് പ്രാപ്തമാകുന്നതെന്നും അച്ചടക്കവുമുള്ള തലമുറയെ വാർത്തെടുക്കാൻ സ്കൂളുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സിസ്മെക്‌സ് മേധാവി മാത് സുയി പറഞ്ഞു. സിസ്മെക്‌സ് കമ്പനിക്ക് മന്ദിര സമതിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മനസിലാക്കുവാനും സാധിച്ചു എന്നും, സമതി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും ഇത്തരം പ്രവർത്തങ്ങളാണ് സംഭാവനകൾ നൽകാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകമെന്നും കമ്പനിയുടെ ഇന്ത്യൻ റീജിയൻ മാനേജിങ് ഡയറക്ടർ അനിൽ പ്രഭാകരൻ പറഞ്ഞു.
കമ്പനിയുടെ മേധാവികളായ മാത് സുയി, സാട്ടോരോ ഓട്ടോ, അനിൽ പ്രഭാകരൻ എന്നിവർ സംയുക്തമായി ലക്ച്ചർ ഹാൾ ഉൽഘാടനം ചെയ്തു. തുടർന്ന് സ്കൂൾ കുട്ടികൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. ചടങ്ങിൽ സിസ്മെക്‌സ് പ്രതിനിധികളെ ആദരിച്ചു.