ജോജോ തോമസ് വീണ്ടും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

2018 മുതല്‍ എംപിസിസി ഭാരവാഹിയാണ്
Jojo Thomas is again the General Secretary of Maharashtra Congress.

ജോജോ തോമസ്

Updated on

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സുപരിചിതനും സജീവസാന്നിധ്യവുമായ ജോജോ തോമസിനെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എം.പി.സി.സി) ജനറല്‍ സെക്രട്ടറിയായി വീണ്ടും നിയമിച്ചു. ഹര്‍ഷവര്‍ദ്ധന്‍ സക്പാല്‍ എംപിസിസി പ്രസിഡന്‍റ് ആയതോടെയാണ് പുനഃസംഘടന നടന്നത്.

51 വയസുകാരനായ ജോജോ തോമസ്, കഴിഞ്ഞ 38 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വസ്ഥതയോടെ പ്രവര്‍ത്തിക്കുന്ന നേതാവാണ്. 2018 മുതല്‍ എംപിസിസി ഭാരവാഹിയായ അദ്ദേഹം, അശോക് ചവാന്‍, ബാലാസാഹിബ് തോറാട്ട്, നാനാ പാട്ടോലെ തുടങ്ങിയ പ്രമുഖര്‍ സംസ്ഥാന അധ്യക്ഷരായിരുന്നപ്പോഴും നേതൃനിരയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

കേരളത്തിലെ വിദ്യാർഥി രാഷ്ട്രീയത്തില്‍ ലഭിച്ച അനുഭവസമ്പത്ത് മുംബൈയിലെ അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. പയ്യന്നൂര്‍ കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ താലൂക്ക് വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ജോജോ തോമസ്, പിന്നീട് മുംബൈയിലെത്തി തന്‍റെ രാഷ്ട്രീയ പ്രയാണം തുടര്‍ന്നു.

ദക്ഷിണ മുംബൈ ജില്ലാ സെക്രട്ടറി, എംപിസിസി സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലൂടെ വളര്‍ന്ന് ഒരു ജില്ലയുടെ പൂര്‍ണ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി അദ്ദേഹം നിയമിതനായത് അദ്ദേഹത്തിന്‍റെ കഴിവിനും പ്രവര്‍ത്തന മികവിനും ലഭിച്ച വലിയ അംഗീകാരമായിരുന്നു. തന്‍റെ ചുമതലയിലുള്ള ജില്ലയില്‍ 'കേരളാ മോഡല്‍' പ്രവര്‍ത്തനം നടത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള, അന്യഭാഷാ പശ്ചാത്തലമുള്ള ഒരു നേതാവിന് ഈ പദവി ലഭിച്ചത് അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മുംബൈയിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലും ജോജോ തോമസ് സജീവമായ സാന്നിധ്യമാണ്. ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍ (അമ്മ) എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന അദ്ദേഹം, മറാഠി-മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോക കേരള സഭാംഗം, കേരള സംഗീതനാടക അക്കാഡമി പശ്ചിമമേഖല മുന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈയുടെ രാഷ്ട്രീയ ഭൂമിയില്‍ ഒരു മലയാളിക്ക് ലഭിക്കുന്ന ഈ അംഗീകാരം, കേരളീയ സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com