
കല്യാണ്‍ സാംസ്‌കാരിക വേദി വാര്‍ഷികാഘോഷം
മുംബൈ : മനുഷ്യരെ മനുഷ്യത്വവും സ്‌നേഹവുമുള്ള സമൂഹമാക്കി നിലനിര്‍ത്തുവാന്‍ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകള്‍ നിലനില്‍ക്കേണ്ടതുണ്ടെന്നും ചുറ്റും ഭീതിപ്പെടുന്ന വാര്‍ത്തകളാണ് നമ്മുടെ സമൂഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും മുംബൈ മലയാളഭാഷാപ്രചാരണ സംഘം പ്രവര്‍ത്തകന്‍ അനില്‍ പ്രകാശ് പറഞ്ഞു. കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കല്യാണ്‍ ഈസ്റ്റ കേരള സമാജം പ്രസിഡണ്ട് ലളിതാ മേനോന്‍ അധ്യക്ഷത വഹിച്ചു. കല്യാണ്‍ നഗരത്തെ മുംബൈ മലയാളികളുടെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക നഗരമാക്കി മാറ്റാനുള്ള വലിയൊരു ദൗത്യത്തിന്റെ ഒരു ചെറിയ തുടക്കമാണ് കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഈ വാര്‍ഷികാഘോഷം എന്ന് ലളിതാമേനോന്‍ പറഞ്ഞു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളിയെ ചടങ്ങില്‍ ആദരിച്ചു.സന്തോഷ് പല്ലശ്ശന ,ലിജി നമ്പ്യാര്‍, ഷാജി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നീലക്കുറിഞ്ഞി ഡിപ്ലോമ കോഴ്‌സ് പാസായ അഞ്ജന നമ്പ്യാര്‍, അഞ്ജലി സുധാകരന്‍, അനന്തകൃഷ്ണന്‍ നായര്‍, അപര്‍ണ നായര്‍, ഉജ്ജ്വല്‍ ശ്രീധരന്‍, സ്‌നേഹ മോഹന്‍ദാസ് മേനോന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ മുംബ്ര -കല്യാണ്‍ മേഖലാ മത്സര വിജയികളായ ശ്രീപ്രിയ വിജയകുമാര്‍ നായര്‍, സാന്ദ്ര പ്രകാശം നായര്‍, കൃഷ്ണപ്രിയ നായര്‍ എന്നിവരെയും അനുമോദിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കാവ്യസന്ധ്യയിലെ കവിതകളെ വിലയിരുത്തിക്കൊണ്ട് സുനിത എഴുമാവില്‍, രമേശ് നാരായണന്‍, അമൃതജ്യോതി ഗോപാലകൃഷ്ണന്‍, പി.കെ.മുരളികൃഷണന്‍ എന്നിവര്‍ പ്രസംഗിച്ചു.