

കണ്ണൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കുടുംബസംഗമം
മുംബൈ: കല്യാണ്‍ ആസ്ഥാനമായ കണ്ണൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ കല്യാണ്‍ വെസ്റ്റിലെ കെ.സി. ഗാന്ധി ഓഡിറ്റോറിയത്തില്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.
മാധ്യമരംഗത്ത് 25 വര്‍ഷം പിന്നിട്ട മുംബൈയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രേംലാലിനെ ചടങ്ങില്‍ ആദരിക്കും. കൂടാതെ നീറ്റ്, പിജി പ്രവേശന പരീക്ഷയില്‍ ദേശീയ തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ആദര്‍ശ് പ്രവീണിനെയും ആദരിക്കും.
വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റുകള്‍ ഉള്‍പ്പെടെയുള്ള കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് കലാവിരുന്നും, ഫ്‌ളവേര്‍സ് ടിവി ടോപ് സിംഗര്‍ വിജയി മാസ്റ്റര്‍ ശിവശങ്കര്‍ കൃഷ്ണ നയിക്കുന്ന ഗാനമേളയും, ഡിജെയും അരങ്ങേറും
സാംസ്‌കാരിക സമ്മേളനം കല്യാണിലെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനായ രാമന്‍കുട്ടി വി. ആര്‍. ഉദ്ഘാടനം ചെയ്യും. കുടുംബാംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തില്‍ വര്‍ണാഭമായ ആഘോഷമാക്കാനാണ് സംഘാടകരുടെ ഒരുക്കം.