
മുംബൈ: മുംബയിലെ കലാ സാംസ്ക്കാരിക സംഘടനയായ കേളിയുടെ 32 - വാർഷികാഘോഷ പരമ്പരയിലെ രണ്ടാംഘട്ട പരിപാടിയായ വനിതാ നാടകോത്സവം നാളെ തുടങ്ങുന്നു.കൂടിയാട്ടത്തിലെ ഫോക് ലോർ ധർമ്മങ്ങളെ പ്രമേയമാക്കിയാണ് ഈ ഉത്സവം രൂപകല്പന ചെയ്തിട്ടുള്ളത്. ഈ വർഷത്തെ കേളിയുടെ രജതശംഖ് കലാമണ്ഡലം സിന്ധുവിനാണ് നല്കുന്നത്.
കലാമണ്ഡലം സിന്ധു നേതൃത്വം നല്കുന്ന രണ്ടു ദിവസത്തെ കൂടിയാട്ടമാണ് ശനിയും ഞായറുമായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിൽ അരങ്ങേറുന്നത്. 1997ൽ കലാമണ്ഡലത്തിൽ കൂടിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ പൂർത്തിയാക്കിയ സിന്ധു കേരളകലാമണ്ഡലം അവാർഡും, കേരള സംഗീത നാടക അക്കാദമി അവാർഡും, പൈങ്കുളം രാമച്ചാക്യാർ അവാർഡും തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരം മാർഗ്ഗിയിലും പൈങ്കുളം രാമച്ചാക്യാർ ഗുരുകുലത്തിലും അദ്ധ്യാപികയായി പ്രവർത്തിച്ചിട്ടുള്ള സിന്ധു ഇപ്പോൾ കലാമണ്ഡലത്തിലെ പരിശീലകയും കലാകാരിയായും ആയി പ്രവർത്തിക്കുന്നു. ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരത്തെ ഉദ്ഘാടന ചടങ്ങിൽ വച്ച് ക്ഷീർ സാഗർ ആപ് തെ ഫൗണ്ടേഷന്‍റെ ഡയറക്ടറും നാടക പ്രവർത്തകയുമായ ശ്രീമതി. സ്വാതി ആപ് തെ സിന്ധുവിന് രജത ശംഖ് നല്കി ആദരിയ്ക്കും.
പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി മയൂരാജന്‍റെ ഉദാത്ത രാഘവം എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് ആദ്യ ദിവസത്തെ അവതരണമായ താരയുടെ ആത്മഗതം ചിട്ടപ്പെടുത്തിയിട്ടുള്ളത്.രണ്ടാം ദിവസത്തെ അവതരണം ഏഴാം നൂറ്റാണ്ടിൽ ബോധായനൻ എഴുതിയ ഭഗവദജുകം എന്ന നാടകത്തിലെ പ്രസക്തഭാഗങ്ങളാണ് രംഗത്തവതരിപ്പിക്കുന്നത്.
കലാമണ്ഡലം സിന്ധുവിനെക്കൂടാതെ കലാമണ്ഡലം സംഗീത,കലാമണ്ഡലം ജയരാജ്,കലാമണ്ഡലം രാഹുൽ, മാർഗ്ഗി അഖിൽ, മാർഗ്ഗി അമൃത എന്നിവർ അരങ്ങിലെത്തുന്നു. അഭിനയത്തിന്‍റെയും മുദ്രകളുടേയും സമഗ്രമായ വിവരണം തത്സമയം സ്ക്രീനിൽ നല്കുന്നതായിരിക്കും.