മഹാരാഷ്ട്രയിൽ മലയാളിയായ മുതിര്‍ന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ഗോവയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടി കൂടിയത്

Accused arrested in case involving the murder of an elderly Malayali woman

മലയാളിയായ മുതിര്‍ന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Updated on: 

നവിമുബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളിയില്‍ 71 വയസുകാരിയായ മലയാളിയെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. നേപ്പാള്‍ സ്വദേശിയായ പ്രതി യഷ് താപ്പേയെ ഗോവയില്‍ നിന്നാണ് പിടികൂടിയത്.

മയക്കുമരുന്നിന് അടിമയായ ഇയാള്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി കവര്‍ച്ച നടത്തുകയും, തുടര്‍ന്ന് വയോധികയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഖോപോളിയിലെ ഭന്‍വജ് ഗ്രാമത്തിലുള്ള ഇന്ദ്രപ്രസ്ഥ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന മഹേശ്വരി രാമചന്ദ്രന്‍ പണിക്കരാണ് കൊല്ലപ്പെട്ടത്. നവംബര്‍ 11ന് വൈകിട്ടാണ് സംഭവം പുറത്തുവന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണ്ണായകമായ ഈ അറസ്റ്റ്. മഹേശ്വരി രാമചന്ദ്രന്‍റെ മാലയും മൂന്ന് സ്വര്‍ണ വളകളുമടക്കം മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങൾ വീട്ടില്‍ നിന്നും കവര്‍ന്നിരുന്നു.

വര്‍ഷങ്ങളായി ഇന്ദ്രപ്രസ്ഥ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന മഹേശ്വരിയുടെ രണ്ട് ആണ്‍മക്കളും ഒരു മകളും വിദേശത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇവർ ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസം. അതേസമയം, ഇവരുടെ രണ്ട് സഹോദരന്മാര്‍ ഖോപോളിയില്‍ തന്നെയാണ് താമസം.