
നവിമുംബൈ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 8ന്
മുംബൈ: നവിമുംബൈ വിമാനത്താവളത്തിന്‍റെയും ഭൂഗര്‍ഭ മെട്രൊയായ മെട്രൊ മൂന്നിന്‍റെ അവസാനഘട്ടത്തിന്‍റെയും ഉദ്ഘാടനം ഒക്ടോബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മുംബൈ രണ്ടാമത്തെ വിമാനത്താവളം ചിറക് വിരിക്കും.
ഉദ്ഘാടനം നടക്കുമെങ്കിലും ഡിസംബര്‍ മാസത്തോടെ മാത്രമേ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കൂ. 4 ടെര്‍മിനലുകളില്‍ ഒരെണ്ണമാണ് ആദ്യം തുറക്കുന്നത്. മറ്റ് മൂന്ന് ടെര്‍മിനലുകള്‍ പൂര്‍ത്തിയാക്കി പൂര്‍ണസജ്ജമാകാന്‍ 2032 വരെ കാത്തിരിക്കണം.
നവിമുംബൈയിലെ ഉള്‍വെയിലാണ് മുംബൈയുടെ രണ്ടാംവിമാനത്താവളം മിഴിതുറക്കുന്നത്. 2100 ഏക്കറിലായാണ് രണ്ട് റണ്‍വേകള്‍ ഉള്ള വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒന്നിലധികം അന്താരാഷ്ട്രവിമാനത്താവളങ്ങളുള്ള ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബായ് പോലുള്ള നഗരങ്ങളുടെ നിരയിലേക്കാണ് മുംബൈയും എത്തുന്നത്.
പുനെ, നാസിക് നഗരങ്ങളില്‍നിന്ന് ഇവിടേക്ക് എളുപ്പത്തില്‍ എത്താനാകും. അടല്‍ സേതുവില്‍ നിന്നും വിമാനത്താവളത്തിലേക്ക് വേഗത്തില്‍ എത്താന്‍ സാധിക്കും. അദാനി ഗ്രൂപ്പിനാണ് വിമാനത്താവളത്തിന്‍റെ നിര്‍മാണച്ചുമതലയും നടത്തിപ്പ് ചുമതലയും .74 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിനാണ്.
മെട്രോ മൂന്നിന്‍റെ വര്‍ളി മുതല്‍ കഫ് പരേഡ് വരെയുള്ള ഭാഗമാണ് തുറക്കുന്നത്. ഇതോടെ ഭൂഗര്‍ഭ മെട്രൊയുടെ 33 കിലോമീറ്ററും പ്രവര്‍ത്തന സജ്ജമാകും