ഉത്സവത്തിമിർപ്പിൽ പോപ്പും ഡിജെയുമായി ലെജൻഡ്സ് ലൈവ്

നിഖിൽ നായർ നയിച്ച ലെജൻഡ്‌സ് ലൈവ് എന്ന സംഗീത വിരുന്നിൽ വിശ്രുത പോപ്പ് ഗായിക പ്രതിചി മൊഹാപാത്രയും പ്രശസ്ത ഡിജെ കേറ്റക്സും ചേർന്നപ്പോൾ പിറന്നത് അവിസ്മരണീയ സന്ധ്യ
Legends live mumbai

പ്രതിചി മൊഹാപാത്ര

Updated on

മലയാളിയായ നിഖിൽ നായർ നയിച്ച ലെജൻഡ്‌സ് ലൈവ് എന്ന സംഗീത വിരുന്നിൽ വിശ്രുത പോപ്പ് ഗായിക പ്രതിചി മൊഹാപാത്രയും പ്രശസ്ത ഡിജെ കേറ്റക്സും ചേർന്നപ്പോൾ പിറന്നത് അവിസ്മരണീയ സന്ധ്യ.

'പ്രതിചീ ലൈവ് - SUR-VIVAL With Music, Celebrate Strength Through Song' എന്ന പേരിലാണ് അസ്തിത്വ എന്‍റർടൈൻമെന്‍റ് തങ്ങളുടെ പ്രശസ്തമായ സാംസ്കാരിക വേദിയായ ലെജൻഡ്‌സ് ലൈവിന്‍റെ രണ്ടാമിതൾ വിടർത്തിയത്.

നെരൂൾ വെസ്റ്റിലെ ടെർണ ഓഡിറ്റോറിയത്തിൽ പോപ്പ് - ഡി ജെ സംഗീത സന്ധ്യ കൊടിയേറിയപ്പോൾ കാണികൾ ആടിത്തിമിർത്തു.

Legends live mumbai

ഡിജെ കേറ്റക്സ്

ഇന്ത്യയിലെ ആദ്യ പോപ്പ് മ്യൂസിക് വനിതാ ബാന്‍റായ വിവയിലെ അംഗമായ പ്രതീചി രണ്ട് തവണ കാൻസർ രോഗത്തെ തോൽപ്പിച്ച ഗായികയാണ്.

മ്യൂസിക് പ്രൊഡ്യൂസറും മഹാരാഷ്ട്രയിലെ ഡിജെ താരവുമായ ക്രുണൽ ഖോരപ്പഡെ എന്ന ക്രേറ്റക്സ് തന്‍റെ ദ്രുതഗതിയിലുള്ള സംഗീതം അഴിച്ചു വിട്ടപ്പോൾ പിറന്നത് അവിസ്മരണീയ രാവ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രകടനത്തിനപ്പുറം, ഇന്ത്യൻ സംഗീത സംസ്കാരം, ദൃശ്യ രൂപങ്ങൾ, സാമൂഹിക പ്രസക്തി എന്നിവയുമായി ചിന്തനീയമായി സമന്വയിപ്പിക്കുന്ന ഒരു കച്ചേരി പരമ്പരയായാണ് നിഖിൽ നായർ നയിക്കുന്ന മലയാളി സംഘാംഗങ്ങളുടെ ലെജൻഡ്‌സ് ലൈവ് രൂപികരിക്കപ്പെട്ടുള്ളത്.

മുളുണ്ടിലെ മഹാകവി കാളിദാസ് നാട്യമന്ദിരത്തിൽ നടന്ന ആദ്യകാല ദീപാവലി പതിപ്പിൽ ഈ പരമ്പരയ്ക്ക് വ്യാപകമായ പ്രശംസ ലഭിച്ചു. അതിൽ പത്മശ്രീ, ദേശീയ അവാർഡ് ജേതാവ് സുരേഷ് വാഡ്കർ, വൈശാലി സാമന്തും ഉൾപ്പെടുന്നവർ പാടിയത് ശ്രദ്ധേയമായിരുന്നു.

ലെജൻഡ്സ് ലൈവിൽ മഹാരാഷ്ട്രയുടെയും കേരളത്തിന്‍റെയും പാരമ്പര്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സവിശേഷ സാംസ്കാരിക ആശയം ആസ്തിവ് എന്‍റർടൈൻമെന്‍റ് അവതരിപ്പിച്ചിരുന്നു. പടയണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദൃശ്യങ്ങളായിരുന്നു കേന്ദ്ര പശ്ചാത്തലം.

Legends live mumbai

പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കളും പ്രകൃതിദത്ത ഘടകങ്ങളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഈ വേദി, പൈതൃകത്തിൽ വേരൂന്നിയ ശക്തമായ ഒരു ദൃശ്യ വിവരണം സൃഷ്ടിക്കുന്നതിനൊപ്പം സുസ്ഥിരതയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു.

ഈ തത്ത്വചിന്ത തുടരുന്ന സംഘാടകർ ഇത്തവണ പ്രതിചീ ലൈവ് - സർ-വൈവൽ വിത്ത് മ്യൂസിക്, സ്തനാർബുദ അവബോധത്തിനായി പരിപാടി സമർപ്പിച്ചുകൊണ്ടാണ് പോപ്പ് സന്ധ്യ അവതരിപ്പിച്ചത്.

തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ അവബോധം വ്യാപിപ്പിക്കാനും ആശുപത്രികളുമായും രോഗനിർണയ കേന്ദ്രങ്ങളുമായും ഘടനാപരമായ ബന്ധങ്ങളിലൂടെ ദരിദ്രരായ സ്ത്രീകളെ സഹായിക്കാനും ആസ്തിവ് എന്‍റർടൈൻമെന്‍റ് ടീം ലക്ഷ്യമിടുന്നു.

Legends live mumbai

വൈദ്യശാസ്ത്രപരമായി നയിക്കപ്പെടുന്ന ഒരു ഔട്ട്റീച്ച് സംരംഭത്തിന്‍റെ ഉദ്ഘാടന വേദിയായും ഈ ലെജന്‍റസ് ലൈവ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബോധവൽക്കരണം, നേരത്തെയുള്ള കണ്ടെത്തൽ, പ്രതിരോധ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പ്രവേശനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മട്ടിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മുംബൈയിലെ കെയർ ഫോർ മുംബൈയുമായി സഹകരിച്ച് ആയിരത്തോളം സ്ത്രീകൾക്ക് വില കുറവിൽ ടെസ്റ്റുകൾ ചെയ്യാൻ ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്.

Legends live mumbai

ഗായികയുടെ വർത്തമാനങ്ങൾ

പ്രതിചി ലൈവ് - സർ-വിവൽ വിത്ത് മ്യൂസിക്കെന്ന പരിപാടിയെ ഒരു സംഗീത പ്രകടനത്തിനപ്പുറം ബോധവത്കരണത്തിലേക്ക് കൂടെ നയിച്ചു.

ധൈര്യത്തിന്‍റെയും അവബോധത്തിന്‍റെയും പ്രത്യാശയുടെയും ജീവിക്കുന്ന സാക്ഷ്യമായി പ്രതീചി നിലകൊള്ളുന്നുവെന്ന് സംഘാടകർ പറഞ്ഞു.

സ്തനാർബുദം

സമയബന്ധിതമായ പരിചരണം, പ്രതിരോധശേഷി, സമൂഹ പിന്തുണ എന്നിവ ജീവിതത്തിൽ മാറ്റം വരുത്തുമെന്ന സന്ദേശം അടിവരയിടുന്നു.

സംഗീത മികവ്, സാംസ്കാരിക സംവേദനക്ഷമത, പരിസ്ഥിതി ഉത്തരവാദിത്തം, സ്ത്രീകളുടെ ആരോഗ്യത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ മിശ്രിതത്തോടെ, ലെജൻഡ്സ് ലൈവ്, ലൈവ് സംഗീത സന്ധ്യകൾ അർഥവത്തായ സാമൂഹിക സ്വാധീനത്തിനുള്ള വേദികളായി എങ്ങനെ മാറാമെന്ന് പുനർനിർവചിക്കാൻ ശ്രമിക്കുകയാണെന്ന് നിഖിൽ നായർ പറഞ്ഞു.

Legends live mumbai

നിർമാതാവും വ്യവസായ പ്രമുഖനുമായ പ്രശാന്ത് നാരായണൻ, ഇന്ത്യ പോസ്റ്റ് സൂപ്രണ്ടിങ് എൻജിനീയർ രാഹുൽ ചൗധരി, ഡി.വൈ. പാട്ടീൽ മെഡിക്കൽ കോളെജ് പ്രൊഫസർ ഡോ. ശിശിർ ഷെട്ടി, സ്തനാർബുദ സ്പെഷ്യലിസ്റ്റ് ഡോ. സന്ദീപ് ബിപ്ട്ടെ, നവി മുംബൈ പൊലീസ് ഇൻസ്പെക്റ്റർ (കമ്മിഷണർ ഓഫിസ്) അരുൺ പദാർ, ഭാരതി വിദ്യാപീഠ് പ്രൊഫസർ നീലേഷ് കദം, പിഎംകെ ഫൗണ്ടേഷൻ നയ്ന ദിനേഷ് കനൽ, ഭാരതീയ വിദ്യാപീഠ് പ്രൊഫസർ അമിത് കദം എന്നിവർ ചേർന്നാണ് ഭദ്രദീപം കൊളുത്തി സംഗീത സന്ധ്യയ്ക്ക് തുടക്കമിട്ടത്.

കെയർ ഫോർ മുംബൈ പാട്രൺമാരായ പ്രിയ വർഗീസ്, എം.കെ. നവാസ്, പ്രേംലാൽ രാമൻ എന്നിവർ ചേർന്ന് ഡോ. ശിശിർ ഷെട്ടി, സ്തനാർബുദ സ്പെഷ്യലിസ്റ്റ് ഡോ. സന്ദീപ് ബിപ്ട്ടെ എന്നിവരെ ആദരിച്ചു.

നവി മുംബൈ മെഡികവറിന്‍റെ മാനെജർ സന്ദീപ് ജോഷി, നവി മുംബൈ മുനിസിപ്പാലിറ്റി കോർപ്പറേഷൻ കോർഡിനേറ്റർ റീമ സിങ്, ആശ്രയ ഓൾഡ് ഏജ് ഹോമിന്‍റെ മേധാവി ചന്ദ്രവതി റാവു, ഗിരിജ വെൽഫെയർ ഓർഗനൈസേഷൻ സ്ഥാപക സുമിത്ര വസന്ത് കുഞ്ജാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

രാഹുൽ നായർ, ഡോ. നീരജ ഗോപിനാഥൻ, അനൂപ്, പി.ആർ. സഞ്ജയ്, ശീതൾ ബാലകൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com