

മുംബൈയില്‍ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം
മുംബൈ: മുംബൈയിലെ തുറസായ പാര്‍ക്കില്‍വച്ച് ഫോട്ടോ എടുക്കുകയായിരുന്നു യുവാവിനെയും യുവതിയെ അശ്ലീല കമന്റുകള്‍ പറഞ്ഞും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത എട്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികളായ ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്.
നവംബര്‍ 20ന് കുര്‍ളയിലെ ഫീനിക്സ് മാളിന് സമീപമുള്ള പൂന്തോട്ടത്തിലാണ് സംഭവം. നവി മുംബൈ സ്വദേശികളായ യുവാവും യുവതിയും പാര്‍ക്കില്‍ വച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഘം ആക്രമണം നടത്തിയത്. വടികളും ബെല്‍റ്റും ഉപയോഗിച്ച് യുവാവിനെയും യുവതിയെയും മര്‍ദിക്കുകയും വലിയ കല്ല് എടുത്തെറിയുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച യുവതിക്കും മര്‍ദനമേറ്റു.