

മുംബൈ: പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ വിവാദം ആയിരുന്നു.
പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) നല്‍കുന്ന പരമോന്നത ബഹുമതിയായ 'ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്' പുരസ്‌കാരം 2024ല്‍ ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. രാജ്യം പത്മശ്രീ (1981), പത്മഭൂഷണ്‍ (2006) ബഹുമതികള്‍ നല്‍കി ആദരിച്ചു.