മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 150-160 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുകയാണ് ഭാരതീയ ജനതാ പാർട്ടി. 100-ലധികം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്രയും സീറ്റുകളിൽ മത്സരിക്കുന്നതെന്നു പാർട്ടി ഭാരവാഹികൾ സൂചന നൽകി . തിങ്കളാഴ്ച മുംബൈയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു.
ഒരു ഗുജറാത്തി മാധ്യമ സ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുംബൈയിലെത്തിയത്. പരിപാടിയിൽ പങ്കെടുത്ത ശേഷം, മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകളെക്കുറിച്ചും ചർച്ച ചെയ്യാൻ അദ്ദേഹം സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
മഹായുതി ഗവൺമെന്‍റ് അടുത്തിടെ പ്രഖ്യാപിച്ച ജനകീയ പദ്ധതികളെ കുറിച്ച് ജനങ്ങൾക്കിടയിലുള്ള പ്രതികരണങ്ങളും അദ്ദേഹം ചർച്ച ചെയ്തു. നിയമസഭാ മണ്ഡലങ്ങളിലെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പാർട്ടി നേതാക്കളോട് പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 100 സീറ്റുകൾ നേടണമെന്ന് ബിജെപി വിശ്വസിക്കുന്നു. അതിനായി പാർട്ടി 150-160 സീറ്റുകളിൽ മത്സരിക്കുമെന്നും പാർട്ടി സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 125 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു.