മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സർക്കാരിനെ കടന്നാക്രമിച്ച് വീഡിയോ ഗാനവുമായി മഹാരാഷ്ട്ര കോൺഗ്രസ്.ജാഡി ചാംഡി എന്ന തലക്കെട്ടിൽ, സമീപകാല മറാത്തി ഹിറ്റ് ഗാനമായ താംബ്ഡി ചാംഡി എന്ന ഗാനത്തിന്റെ ഈണത്തിലാണ് വീഡിയോ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ അഴിമതിയും അജിത് പവാറിൻ്റെ വഞ്ചനയും ആണ് ഗാനത്തിൽ കോൺഗ്രസ് സംസ്ഥാന സർക്കാരിനെതിരെ കാണിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുന്നതിന്റെ മുൻപേ തന്നെ, രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആഞ്ഞടിക്കാൻ തുടങ്ങിയിരുന്നു. നിലവിലെ മഹായുതി സർക്കാരിന്‍റെ ദുർഭരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ട് ശിവസേന (യുബിടി) കഴിഞ്ഞയാഴ്ച 'ഗോന്ദൽ ഗീത്' എന്ന തീം സോംഗ് പുറത്തിറക്കിയപ്പോൾ, മഹാരാഷ്ട്ര കോൺഗ്രസ് നേരിട്ട് ചിത്രീകരിച്ച 'ജാഡി ചാംഡി ' ഗാനവുമായി രംഗത്തെത്തി. തിങ്കളാഴ്‌ച രാവിലെ പുറത്തിറങ്ങിയ വീഡിയോ ഗാനം ആഗോളതലത്തിൽ പ്രശംസ നേടിയ മറാത്തി ഹിറ്റ് ഗാനമായ ‘താംബ്ഡി ചാംഡി ’യുടെ പാരഡിയാണ്.
പാട്ടിന്‍റെ തലക്കെട്ട് സൂചിപ്പിക്കുന്നത് 'കട്ടിയുള്ള ചർമ്മം' ഉള്ളവർ എന്നാണ്, സർക്കാരിലുള്ളവർ പൊതുജനങ്ങളുടെ കഷ്ടപ്പാടുകളിൽ തീർത്തും നിസ്സംഗത കാണിക്കുന്നുവെന്നും ഗാനത്തിൽ ആരോപിക്കുന്നു. പണത്തിനും അധികാരത്തിനുമായി അജിത് പവാർ മഹാ വികാസ് അഘാഡിയെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും അമ്മാവൻ ശരദ് പവാറിനെയും ഒറ്റിക്കൊടുത്തതായും വീഡിയോയിൽ കാണിക്കുന്നു. യുവാക്കളുടെ തൊഴിലില്ലായ്മ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മഹാരാഷ്ട്രയിൽ നിന്ന് പലായനം ചെയ്യുന്ന വ്യവസായങ്ങൾ എന്നിവ പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായി തുടരുന്നതും ഗാനത്തിൽ ഉണ്ട്. പല മുതിർന്ന കോൺഗ്രസ് പാർലമെന്‍റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, എൻസിപി, ശിവസേന (യുബിടി) പാർട്ടി പ്രവർത്തകർ എന്നിവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.