
മനോജ് ജരാങ്കെ പാട്ടീല്‍
മുംബൈ: മറാഠാസംവരണത്തിനായി ആസാദ് മൈതാനത്ത് നടക്കുന്ന മനോജ് ജരാങ്കെയുടെ പ്രക്ഷോഭം തിങ്കളാഴ്ച നാലുദിവസം പിന്നിട്ടതോടെ ആസാദ് മൈതാനത്ത് പുറത്ത് സമരക്കാരെ കാണരുതെന്ന് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി രംഗത്തെത്തി. പതിനായിരക്കണക്കിന് സമരാനുകൂലികള്‍ നഗരത്തിലേക്ക് മുംബൈ നഗരം ഒന്നാകെ സ്തംഭിച്ച അവസ്ഥയിലാണ്.
ഇതിനെ തുടര്‍ന്നാണ് കോടതി ആസാദ് മൈതാനത്തിന് പുറത്തുള്ള സമരക്കാരോടെല്ലാം നഗരം വിട്ടുപോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിഎസ്എംടി സ്‌റ്റേഷനും ലോക്കല്‍ ട്രെയിനുകളും ദക്ഷിണ മുംബൈയിലെ ഫോര്‍ട്ട് മേഖലയും സമരക്കാരാല്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. പതിനായിരക്കണക്കിന് പേരാണ് സിഎസ്എംടി സ്റ്റേഷനില്‍ മാത്രം അന്തിയുറങ്ങുന്നത്.
തന്റെ ആവശ്യം ഭരണഘടനാപരമായി സാധുതയുള്ളതാണെന്നാണ് ജരാങ്കെയുടെ വാദം.ജലപാനം കൂടി ഉപേഷിച്ചുള്ള നിരാഹാരസമരം തിങ്കളാഴ്ച മുതല്‍ ജരാങ്കെ ആരംഭിച്ചതോടെ സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. അതിനിടെ കോടതിയുടെ ഇടപെടല്‍. ഇതേ രീതിയില്‍ കൂടുതല്‍ ദിവസം സമരവുമായി മുന്നോട്ട് പോയാല്‍ ക്രമസമാധാനപ്രശ്‌നങ്ങളിലേക്കും സമരം നീങ്ങുമെന്നാണ് വിലയിരുത്തല്‍. നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും റോഡുകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മറാഠകള്‍ക്ക് സംവരണം വേണമെന്നാണ് സമരനായകന്‍ മനോജ് ജരാങ്കെ പാട്ടീലിന്‍റെ ആവശ്യം. എന്നാല്‍ അത്തരത്തില്‍ സംവരം നല്‍കണമെങ്കില്‍ ഭരണഘടനാഭേദഗതി തന്നെ നടത്തേണ്ടി വരുമെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ഒബിസി ക്വോട്ടയില്‍ സംവരണം നല്‍കാന്‍ സാധിക്കില്ലെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നാണ് ഒബിസി നേതാക്കളുടെയും പ്രതികരണം.
മുന്‍പ് ജരാങ്കെ സമരകാഹളം മുഴക്കി നവിമുംബൈയില്‍ ആവശ്യമായ രേഖകള്‍ ഉള്ളവര്‍ക്കെല്ലാം സംവരണം നല്‍കാമെന്ന് അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചെങ്കിലും പ്രധാന ആവശ്യമായ ഒബിസിയില്‍ ഉള്‍പ്പെടുത്തണമെന്ന വാദത്തിന് കാര്യമായ പരിഗണന നല്‍കിരുന്നില്ല.
മറാഠാ വിഭാഗത്തിന് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്‌തെങ്കിലും ഒബിസിയില്‍ ഉള്‍പ്പെടുത്തണമെന്ന വാദം അംഗീകരിച്ചില്ല. ഇതാണ് വീണ്ടും നിരാഹരസമരം പ്രഖ്യാപിക്കുന്നതിലേക്കും സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഗണേശോത്സവകാലത്ത് നഗരം സ്തംഭിക്കുന്ന നിലയിലേക്ക് എത്തിയതും. സംസ്ഥാനത്തെ ജനസംഖ്യയില്‍ 28 ശതമാനവും മറാഠകളായതിനാല്‍ ഇവരെ പിണക്കാനും സര്‍ക്കാരിനാകില്ല.