
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തികഞ്ഞ ശ്രീനാരായണ ഗുരുഭക്തരാണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍. മുംബൈ ശ്രീനാരായണ മന്ദിരസമിതി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''ഇതില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ഗുരു രാഷ്ട്രീയത്തിനും വര്‍ണവര്‍ഗീയ ചിന്താഗതികള്‍ക്കും മീതേയാണ്. ആ ദര്‍ശനം നടപ്പാക്കുന്നതില്‍ ഏറെ ശ്രദ്ധാലുക്കളായ ശ്രീനാരായണ മന്ദിരസമിതി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുന്നു'', അദ്ദേഹം പറഞ്ഞു.
സമിതിയുടെ 41 യൂണിറ്റുകളില്‍ നിന്നായി എത്തിയ ആയിരക്കണക്കിനാളുകള്‍ പരിപാടികളില്‍ പങ്കെടുത്തു. കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ച സമിതിയുടെ ചെമ്പൂര്‍ വിദ്യാഭ്യാസ സമുച്ചയത്തില്‍ 5 മണിക്ക് ഭദ്രദീപം തെളിഞ്ഞതോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു.
5.30 മുതല്‍ സിനിമാ പിന്നണിഗായകന്‍ വിജേഷ് ഗോപാലും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ ആരംഭിച്ചു. 6.30 ന് പൊതുസമ്മേളനം ആരംഭിച്ചു. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഞ്ജയ് പാട്ടീല്‍ വിശിഷ്ടാതിഥിയായിരുന്നു. ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് ആശംസാ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
അറുപത്തിയൊന്നാമത് വാര്‍ഷിക സ്മരണികയുടെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു. നാടകരചയിതാവ് എന്‍.കെ. തുറവൂരിനെ ആദരിച്ചു. ട്രഷറര്‍ വി.വി. ചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി വി. എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് ട്രഷറര്‍ പി. പൃഥ്വീരാജ്, സോണല്‍ സെക്രട്ടറിമാരായ കെ. ആനന്ദന്‍, വി. വി. മുരളീധരന്‍, മായാ സഹജന്‍, കെ. മോഹന്‍ദാസ് , കെ. ഉണ്ണികൃഷ്ണന്‍, പി. ഹരീന്ദ്രന്‍, എന്‍. എസ്. രാജന്‍, പി. പി. കമലാനന്ദന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിന് ശേഷം സംഗീത സന്ധ്യ തുടര്‍ന്നു. എം. എം. രാധാകൃഷ്ണന്‍ കണ്‍വീനറായുള്ള സമിതിയുടെ ഈവന്റ് മാനേജ് മെന്റ് കമ്മറ്റിയായിരുന്നു പരിപാടികള്‍ നിയന്ത്രിച്ചത്.