
സഞ്ജയ് ഗെയ്ക്ക്‌വാദ്
മുംബൈ: ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദ്. ദക്ഷിണേന്ത്യക്കാര്‍ വെറും ലേഡീസ് ഡാന്‍സ് ബാര്‍ നടത്തുന്നവരാണെന്നും അവര്‍ മഹാരാഷ്ട്രയുടെ സംസ്‌കാരം തകര്‍ക്കുന്നുവെന്നുമാണ് എംഎല്‍എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കാന്‍റീന്‍ ജീവനക്കാരന്‍റെ മൂക്കിനിടിച്ചതു വഴിയാണ് ഗെയ്ക്ക്‌വാദ് രാജ്യമൊട്ടാകെ കുപ്രസിദ്ധിയാർജിച്ചത്.
എന്തിനാണ് ഷെട്ടി എന്ന് പേരുള്ളയാള്‍ക്ക് കാന്‍റീനിന്‍റെ കരാര്‍ നല്‍കിയത്? ഒരു മറാഠിക്ക് നല്‍കണമായിരുന്നു. നമ്മള്‍ എന്ത് കഴിക്കുമെന്ന് അവര്‍ക്കറിയാമെന്നതിനാല്‍ നല്ല ഭക്ഷണം ലഭിക്കും. ഈ ദക്ഷിണേന്ത്യക്കാര്‍ ഡാന്‍സ് ബാര്‍, ലേഡീസ് ബാര്‍ എന്നിവ നടത്തി മഹാരാഷ്ട്രയുടെ സംസ്‌കാരത്തെ നശിപ്പിച്ചവരാണ്. അവര്‍ നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നവരാണ്. അവര്‍ എങ്ങനെ നല്ല ഭക്ഷണം ഉണ്ടാക്കിനല്‍കുമെന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.