
മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 16 ന് നാഗ്‌പുരിൽ ആരംഭിക്കും. ഇതിന് മുൻപായി മന്ത്രിസഭാ വികസനം ഞായറാഴ്ച നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മന്ത്രിസഭയിൽ പരമാവധി 43 അംഗങ്ങൾ ആകാമെങ്കിലും 30 പേരായിരിക്കും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. മൂന്നാഴ്ചത്തെ കാത്തിരിപ്പിനു ശേഷമാണ് മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം നാളെ നടക്കുന്നത്. നാഗ്‌പുരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്‌ഞ.
തെരഞ്ഞെടുപ്പു ഫലമറിഞ്ഞ് 20 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നതു ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു. മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ ആഭ്യന്തരവകുപ്പ് നേടിയെടുക്കാൻ ഷിൻഡെ സമ്മർദം ചെലുത്തിയതാണ് മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കലും വകുപ്പുവിഭജനവും വൈകാൻ ഇടയാക്കിയത്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഫഡ്‌നാവിസും അജിത് പവാറും ഡൽഹിയിലേക്ക് പോയപ്പോഴും ഷിൻഡെ വിട്ടുനിന്നു.