മണ്ഡലകാലത്തിനൊരുങ്ങി മഹാരാഷ്‌ട്രയും

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഭാരതത്തിൽ ഏറ്റവും കൂടുതൽ അയ്യപ്പക്ഷേത്രങ്ങളുള്ളത് മഹാരാഷ്‌ട്രയിലാണ്
Sabarimala
Sabarimala

രമേഷ് കലമ്പൊലി

ഒരു മണ്ഡലകാലം കൂടി വന്നെത്തുകയായി. ഇനി ശരണം വിളികളും ചിറപ്പും അന്നദാനവുമൊക്കെയായി ഒരു തീർഥാടന കാലത്തിനു കൂടി ആരംഭമാകുന്നു. ക്ഷേത്രങ്ങളെല്ലാം വൃശ്ചിക മാസത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഭാരതത്തിൽ ഏറ്റവും കൂടുതൽ അയ്യപ്പക്ഷേത്രങ്ങളുള്ളത് മഹാരാഷ്‌ട്രയിലാണ്. നൂറിനടുത്ത് ചെറുതും വലുതുമായ അയ്യപ്പ ക്ഷേത്രങ്ങൾ സംസ്ഥാനത്തുണ്ട്; മുന്നൂറിനടുത്ത് അയ്യപ്പഭക്ത മണ്ഡലുകളും, നൂറുകണക്കിന് ഗുരുസ്വാമിമാരുമുണ്ട്.

ഇവരുടെയൊക്കെ നേതൃത്വത്തിലും അല്ലാതെയുമായി ആയിരക്കണക്കിന് അയ്യപ്പഭക്തർ വർഷാവർഷം മഹാരാഷ്‌ട്രയിൽ നിന്ന് ശബരിമല തീർഥാടനത്തിനു പോകുന്നു.

മുംബൈ, നവി മുംബൈ, പാൽഘർ ഉൾപ്പെടെ പൂനെ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ അയ്യപ്പക്ഷേത്രങ്ങളും. അൻപത് വർഷത്തിലേറെ പഴക്കം ചെന്ന ക്ഷേത്രങ്ങളും ധാരാളം. ശബരിമലയിലേതുപോലെ തന്നെ കെട്ടുനിറച്ച് പതിനെട്ടാം പടി കയറി നെയ്യഭിഷേകം നടത്താവുന്ന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. വർഷംതോറും പടിപൂജയും ഈ ക്ഷേത്രങ്ങളിലൊക്കെ നടത്തിവരുന്നു. ബേലാപ്പൂർ അയ്യപ്പക്ഷേത്രം, താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രം, മീരാ റോഡ് അയ്യപ്പക്ഷേത്രം, അംബർനാഥ് അയ്യപ്പക്ഷേത്രം, കല്യാൺ അയ്യപ്പക്ഷേത്രം തുടങ്ങിയവയാണ് പതിനെട്ടാം പടി ക്ഷേത്രങ്ങൾ. കാനന ക്ഷേത്രത്തിന്‍റെ പ്രതീതിയുള്ള കഞ്ചൂർ മാർഗ് മിനി ശബരിമല ക്ഷേത്രവും എടുത്തു പറയാവുന്നതാണ്.

കൂടാതെ കേരളത്തിലെ ശബരിമലയിലേക്കുള്ള പരമ്പരാഗത പാതയായ പന്തളം മുതൽ ശബരിമല വരെയുള്ള യാത്രയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളായ പേരൂർത്തോട്, ഇരുമ്പുന്നിക്കര, കാളകെട്ടി, അഴുത, അഴുതമേട്, കല്ലിടാൻ കുന്ന്, ഇഞ്ചിപ്പാറ കോട്ട, കരീലാന്തോട്, കരിമല, വലിയാനവട്ടം, പമ്പ, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, ശബരിമല സന്നിധാനം എന്നീ സ്ഥലങ്ങളിലൂടെ തീർഥാടനം നടത്തുവാൻ കഴിയാത്ത, മഹാരാഷ്‌ട്രയിൽ താമസിക്കുന്നവർക്കായി ബദലാപൂർ ശ്രീരാമദാസ മിഷന്‍റെ ആഭിമുഖ്യത്തിൽ രാമഗിരി ആശ്രമത്തിലെ 62 ഏക്കർ വരുന്ന വനപ്രദേശത്ത് മേൽപ്പറഞ്ഞ തീർഥാടന സ്ഥലങ്ങൾ പ്രതീകാത്മകമായി നിർമിച്ചിട്ടുണ്ട്. കെട്ടു നിറച്ചും അല്ലാതെയും തീർഥാടകർക്ക് അവിടെ സന്ദർശിക്കാവുന്നതാണ്. സ്ത്രീകൾക്കും പ്രവേശനം അനുവദിക്കും. ശബരിമലയ്ക്ക് പോകാൻ കഴിയാത്തവർക്കും പരമ്പരാഗത പാതയിലൂടെ യാത്ര നടത്തിയിട്ടില്ലാത്തവർക്കും ഇത് പുതിയൊരു അനുഭവമായിരിക്കും. സംഘങ്ങളായി തീർഥാടനത്തിന് സൗകര്യം ലഭ്യമാണ്. താമസസൗകര്യവും ഭക്ഷണവും ആശ്രമത്തിൽ നിന്നു ലഭിക്കും.

മഹാരാഷ്‌ട്രയിലെ അയ്യപ്പക്ഷേത്രങ്ങളിലും മറ്റു മലയാളി ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നു മുതൽ പ്രത്യേക പൂജകളും ഗണപതിഹോമവും ഭഗവതിസേവയും ഉണ്ടായിരിക്കും. മിക്കവാറും ക്ഷേത്രോത്സവങ്ങൾ ഈ മണ്ഡലകാലത്തോടനുബന്ധിച്ചാണ് നടത്തുന്നതും. വർണാഭവും ഭക്തിനിർഭരവുമായ ശോഭായാത്രകളും പൂജകളും ഇതിനോടനുബന്ധിച്ച് നടക്കും. മിക്ക ദിവസങ്ങളിലും വിവിധ കലാപരിപാടികളും അന്നദാനവും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടത്തിവരുന്നു.

ശബരിമല ദർശനത്തിനായി വ്രതമെടുത്ത അയ്യപ്പഭക്തർ കറുത്ത വസ്ത്രം ധരിച്ച് പാദരക്ഷകൾ ഉപയോഗിക്കാതെ ഓഫിസുകളിലും തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലുമൊക്കെ പതിവ് കാഴ്ചയാണ്. കേരളത്തിൽ പോലും ഇപ്പോൾ പലരും പാലിക്കാൻ മടിക്കുന്ന കഠിനവ്രതവും ഭക്തിയും ചിലപ്പോൾ മഹാരാഷ്‌ട്രയിൽ കാണാൻ കഴിഞ്ഞേക്കും. എല്ലാ ശബരിമല യാത്രകളും സംഘമായി നടത്തുന്നത് ഒരു ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ്. ആജ്ഞാശക്തിയുള്ള ഗുരുവായി, അയ്യപ്പന്‍റെ പ്രതിപുരുഷനായാണ് ഗുരുസ്വാമിമാർ കരുതപ്പെടുന്നത്. അവരുടെ നിർദേശങ്ങളും ഉപദേശങ്ങളും മാനിച്ചാണ് സംഘാംഗങ്ങൾ തീർഥാടനം നടത്തുക.

ആചാരപരമായ എല്ലാ ചടങ്ങുകളും മഹാരാഷ്‌ട്രയിൽ പരമാവധി കൃത്യതയോടെ പാലിച്ചുപൊരുന്നു. കൂടുതൽ സൗകര്യമുള്ള ക്ഷേത്രങ്ങളിൽ ആഴിപൂജയും ആഴി തുള്ളലും വരെ നടത്തുന്നുണ്ട്.

മഹാരാഷ്‌ട്രയിൽ വൃശ്ചികം ഒന്നിനു തുടങ്ങുന്ന മണ്ഡലകാല വ്രതവും ആചരണവും കേവലം ദക്ഷിണേന്ത്യൻ വിഭാഗങ്ങൾ മാത്രമല്ല, മറിച്ച് തദ്ദേശീയരായ മഹാരാഷ്‌ട്രീയരും ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരും തുടർന്നു പോരുന്നു.

എഴുപതുകളിലാണ് മഹാരാഷ്‌ട്രീയർ ശബരിമല ദർശനം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മലയാളി സുഹൃത്തുക്കൾ പ്രത്യേക വേഷം ധരിച്ച് ശരണമന്ത്രം ജപിച്ച് വ്രതം അനുഷ്ഠിക്കുന്നതിൽ ആകൃഷ്ടരായാണ് അവർ ശബരിമല ദർശനം തുടങ്ങിയത്.

ശേഷം അമിതാഭ് ബച്ചനും വിവേക് ഒബ്റോയിയും അടക്കമുള്ള ബോളിവുഡ് നടന്മാരും മറ്റു പ്രമുഖരും വ്രതമെടുത്ത് ശബരിമലയ്ക്ക് പോയതോടെ മണ്ഡല കാലത്തിനും ശബരിമല തീർഥയാത്രയ്ക്കും കൂടുതൽ പ്രചാരം ലഭിച്ചു. പിന്നീട് കൂട്ടത്തോടെ അവരും ശബരിമലയ്ക്ക് പോയിത്തുടങ്ങി.

ഇപ്പോൾ മഹാരാഷ്‌ട്രീയരായ ഗുരുസ്വാമിമാർ വരെ കെട്ടുനിറച്ച് കൂട്ടമായി ശബരിമലയ്ക്ക് പോകുന്ന കാഴ്ച ഭക്തിനിർഭരമാണ്. ആചാരങ്ങളും ചടങ്ങുകളും ശരണം വിളികളും അവർക്കും ഹൃദിസ്ഥമാണ്. ക്ഷേത്രങ്ങളിൽ അവർ കൃത്യമായി പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നു.

മിക്ക ക്ഷേത്രങ്ങളിലും മണ്ഡലകാലത്ത് ആധ്യാത്മിക പ്രഭാഷണ പരമ്പരകൾ തന്നെ നടക്കുന്നു. നാട്ടിൽ നിന്നും മുംബൈയിൽ നിന്നുമുള്ള പ്രഭാഷകർ അതിൽ പങ്കെടുക്കുന്നു.

ശബരിമല യുവതീപ്രവേശന വിധി വന്ന സമയത്ത് കേരളത്തിനു പുറത്തു ഏറ്റവും വലിയ നാമജപയാത്ര നടത്തിയത് മഹാരാഷ്‌ട്രയിലെ നവി മുംബൈയിലായിരുന്നു. അതിനാൽ തന്നെ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ അയ്യപ്പഭക്തരുള്ളത് മഹാരാഷ്‌ട്രയിലാണെന്ന് നിസംശയം പറയാം.

മണ്ഡലകാലം എന്നതിന് നാൽപ്പത്തി ഒന്ന് ദിവസം എന്നാണ് വാച്യാർഥമെങ്കിലും നമുക്കത് വെറും നാൽപ്പത്തി ഒന്ന് ദിവസമല്ല, മറിച്ച്, വൃശ്ചിക മാസത്തിൽ തുടങ്ങി നാൽപ്പത്തി ഒന്നു ദിവസം ഭക്തിയുടെയും വിശ്വാസത്തിന്‍റെയും ആരാധനയുടെയും നാളുകളാണ്.

രമേഷ് കലമ്പൊലി
രമേഷ് കലമ്പൊലി

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com