
കൊച്ചി വാട്ടര്‍ മെട്രോ
file image
മുംബൈ: മുംബൈയില്‍ ജലമെട്രൊ പദ്ധതി ആരംഭിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രൊയുടെ സഹായം തേടി മഹാരാഷ്ട്ര. നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രൊകള്‍ ആരംഭിക്കുന്നതിനായി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊച്ചി വാട്ടര്‍മെട്രൊയെ ചുമതലപ്പെടുത്തിയിരുന്നു.
ഇവരുടെ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര വാട്ടര്‍ മെട്രൊ ആരംഭിക്കാനൊരുങ്ങുന്നത്. ഒരു മാസത്തിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രൊയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് തുറുമുഖ വകുപ്പ് മന്ത്രി നിതേഷ് റാണെ പറഞ്ഞു. ഏഴ് ദ്വീപുകള്‍ ചേര്‍ന്ന മുംബൈയ്ക്ക് ഏറ്റവും യോജിച്ചതാണ് വാട്ടര്‍ ടാക്‌സികള്‍ എന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നീക്കം. കരയിലും, കടലിലും ഭൂമിക്കടയിലൂടെയും വലിയ രീതിയില്‍ വന്‍ പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് അധികമാരും കാര്യമായി പരിഗണിക്കാത്ത ജലഗതാഗത്തിലും മഹാരാഷ്ട ശ്രദ്ധ ചെലുത്താനൊരുങ്ങുന്നത്.
നവിമുംബൈ വിമാനത്താവളത്തിന് സമീപം വാട്ടര്‍ മെട്രൊയ്ക്കായി ടെര്‍മിനല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. മള്‍ട്ടിമോഡല്‍ ഗതാഗതസംവിധാനങ്ങള്‍ ഉള്ള രാജ്യത്തെ ആദ്യഅന്തരാഷ്ട്ര വിമാനത്താവളം ആകുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. അതിനൊപ്പം വിവിധ റൂട്ടുകളില്‍ വാട്ടര്‍ മെട്രൊകളും ആരംഭിക്കുന്നതതോടെ കുരുക്കില്ലാത്ത നഗരയാത്രയ്ക്കാണ് വഴിയൊരുങ്ങുന്നത്.
വസായില്‍ നിന്ന് മീരാഭയന്ദര്‍, ബേലാപുരില്‍ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യ , കല്യാണില്‍ നിന്ന് ഐരോളി, ബോറിവ്‌ലിയില്‍ നരിമാന്‍ പോയിന്‍റ് എന്നിങ്ങനെ പത്ത് റൂട്ടുകളില്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം.