ലോട്ടറി വില്‍പ്പനയിലെ കേരള മോഡല്‍ പഠിക്കാന്‍ മഹാരാഷ്ട്ര

കേരളം ലോട്ടറി വില്‍പ്പനയിലൂടെ നേടിയത് 12000 കോടിയിലധികം രൂപ
Maharashtra to study Kerala model in lottery sales

കേരള ലോട്ടറി

Representative image

Updated on

മുംബൈ: കേരളത്തിലെ ലോട്ടറി വില്‍പ്പന രീതിയെക്കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര സാമ്പത്തിക വകുപ്പ് പത്തംഗ ഉന്നതതല സമിതി രൂപീകരിച്ചു. നഷ്ടത്തിലുള്ള ലോട്ടറി മേഖലയെ രക്ഷിക്കുകയാണ് ലക്ഷ്യം. മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുധീര്‍ മുന്‍ഗന്തിവാര്‍ എംഎല്‍എയാണ് സമിതിയെ നയിക്കുക.

കേരള ലോട്ടറി എങ്ങനെയാണു വിജയകരമായി പ്രവര്‍ത്തിക്കുന്നതെന്നു മനസിലാക്കാൻ കേരളം സന്ദര്‍ശിക്കുന്ന സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നൽകും.

ഏകദേശം 11 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയ്ക്ക്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലോട്ടറി വില്‍പ്പനയിലൂടെ നേടാനായത് വെറും 23.4 കോടി രൂപയാണ്. ചെലവുകളെല്ലാം കിഴിച്ചാല്‍ ലാഭം 3.5 കോടി രൂപ മാത്രം. അതേസമയം, മൂന്നു കോടി ജനങ്ങളുള്ള കേരളം അതേ സാമ്പത്തിക വര്‍ഷം ലോട്ടറി വില്‍പ്പനയിലൂടെ നേടിയത് 12,529 കോടി രൂപയാണ്.

മഹാരാഷ്ട്രയിലെ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെയും സംസ്ഥാനത്തെ ലോട്ടറി സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വളരെ മോശമാണെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ലോട്ടറി വില്‍പ്പനയിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാനാകുമോയെന്ന് പഠിക്കാന്‍ മഹാരാഷ്ട്ര പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുന്നത്.

കേരളം ഉടന്‍ നറുക്കെടുക്കുന്ന വിഷു ബംബര്‍ ടിക്കറ്റുകള്‍ വളരെ വേഗത്തിലാണ് വിറ്റു തീര്‍ന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപ നല്‍കുന്നത് കേരളത്തിന്‍റെ ഓണം ബംപറാണ്. ബംപറുകള്‍ മാത്രം വിറ്റും വലിയ ലാഭമാണ് കേരളം നേടുന്നത്. മറ്റ് സംസ്ഥാനത്തെ ലോട്ടറികളെ അപേക്ഷിച്ച് വിലയും കുറവാണ്. ഇതെല്ലാം വിശദമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എമാരടങ്ങുന്ന പത്തംഗ സമിതി കേരളം സന്ദര്‍ശിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com