മഹാരാഷ്ട്രയിലെ മലയാളികൾ ഇപ്രാവശ്യവും ബിജെപിക്ക് ഒപ്പം: സി കെ പത്മനാഭൻ

മഹാരാഷ്ട്രയിലെ മലയാളികൾ ഇപ്രാവശ്യവും ബിജെപിക്ക് ഒപ്പം: സി കെ പത്മനാഭൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പത്ത് വർഷം എൻ ഡി എ സർക്കാർ നടത്തിയ മികച്ച പ്രവർത്തനം ഭാരതമെമ്പാടും പ്രശംസ നേടിയിട്ടുണ്ട്

മുംബൈ: വികസനങ്ങളെ അനുകൂലിക്കുന്ന മഹാരാഷ്ട്രയിലെ മലയാളികൾ ഇക്കുറിയും ബി ജെ പിക്ക് ഒപ്പം നിൽക്കുമെന്ന് ബി ജെ പി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബി ജെ പി മഹാരാഷ്ട്ര കേരള സെൽ സംഘടിപ്പിക്കുന്ന നമോ സംവാദ് മലയാളി സമ്മേളനത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പത്ത് വർഷം എൻ ഡി എ സർക്കാർ നടത്തിയ മികച്ച പ്രവർത്തനം ഭാരതമെമ്പാടും പ്രശംസ നേടിയിട്ടുണ്ട്. കേരളത്തിലും ഇക്കുറി അപ്രതീക്ഷിത ഫലങ്ങൾ പ്രതീക്ഷിക്കാം. ബി ജെ പി ക്ക് കേരളത്തിൽ നിന്നും എം പി മാരുണ്ടാകും. കേരളത്തിൽ വിഭിന്ന പക്ഷത്തും കേരളത്തിന് പുറത്ത് ഒന്നിച്ചും നിൽക്കുന്ന ഇടത് വലത് മുന്നണികളുടെ കാപട്യം കേരള ജനത തിരിച്ചറിഞ്ഞ് കഴിഞ്ഞെന്നും ജനസംഘം മുതലുള്ള തന്റെ പ്രവർത്തന പരിചയത്തിൻ്റെ അനുഭവത്തിലാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷക്കാലം ഭാരതത്തിൽ മോദി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ബി ജെ പി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്ന് പരിപാടിയിൽ മുഖ്യാതിഥി ആയിരുന്ന പാൽഘർ എം പി രാജേന്ദ്ര ഗാവിത് പറഞ്ഞു. സബ് കാ സാത്ത് സബ്കോ വികാസ് എന്ന മുദ്രാവാക്യം അക്ഷരാത്ഥത്തിൽ മോദി സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ബി ജെ പി ജില്ലാ അധ്യക്ഷൻ മഹേന്ദ്ര പാട്ടീൽ, ബി ജെ പി തിരഞ്ഞെടുപ്പ് കൺവീനർമാരായ രാജൻ നായിക്, മനോജ് പാട്ടിൽ , കേന്ദ്രീയ നായർ സംഘടന ചെയർമാൻ ഹരികുമാർ മേനോൻ,ബി ജെ പി മുൻ മണ്ഡലം അധ്യക്ഷൻ രാമാനുജം സിംഗ് , ജോർജജ് ഊക്കൻ എന്നിവരും സംസാരിച്ചു. ബിജെപി കേരള സെൽ ജില്ലാ അധ്യക്ഷൻ സുധീർ കുമാർ സ്വാഗതം പറഞ്ഞു.

ബി ജെ പി കേരള സെൽ ഭാരവാഹികളായ സോമശേഖരൻ നായർ , ജയകുമാർ പി നായർ, ശ്രീകുമാരി മോഹൻ, ഗീത മോഹൻദാസ്, സതീഷ് കുമാർ , നാരായണൻ നമ്പ്യാർ ,പ്രദീപ് പിള്ള, സുധ നായർ, ശബരീശൻ നായർ തുടങ്ങിയവരും വിവിധ മലയാളി സംഘടനാ ഭാരവാഹികളും സെൽ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.

നാഗ്പൂർ , പൂനെ, മുംബൈ , താനെ തുടങ്ങി മഹാരാഷ്ട്രയിലെ മലയാളി വോട്ടർമാർ നിർണ്ണായക ശക്തിയായ മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ നമോ സംവാദ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com