

മലയാളോത്സവം കല്യാണ്‍ -ഡോംബിവ്‌ലി മേഖലയ്ക്ക് കിരീടം
മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിനാലാം മലയാളോത്സവത്തിന്‍റെ ഗ്രാന്‍ഡ് ഫിനാലെയായ കേന്ദ്ര കലോത്സവത്തില്‍ കല്യാണ്‍- ഡോംബിവ്‌ലി മേഖലയ്ക്ക് കിരീടം . രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നവി മുംബൈ മേഖലയും പശ്ചിമ മേഖലയും കരസ്ഥമാക്കി.
യുവ കലാപ്രതിഭകളുടെ സവിശേഷ സാന്നിധ്യം കൊണ്ടും സര്‍ഗശേഷി തെളിയിക്കുന്ന ഉല്‍കൃഷ്ട പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ കലാമാമാങ്കം അരങ്ങേറിയത് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ചാണ്. 10 വേദികളിലായി നടത്തിയ മലയാള കലാമഹോത്സവത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മേഖലകളില്‍ നടന്ന കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് പങ്കെടുത്തത്.
ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്‍റ് സന്ദീപ് വര്‍മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റീന സന്തോഷ് സ്വാഗതമാശംസിച്ച ചടങ്ങില്‍ കെയര്‍ ഫോര്‍ മുംബൈ സെക്രട്ടറി പ്രിയ വര്‍ഗീസ് മുഖാതിഥിയായിരുന്നു.