മുംബൈ: മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയിൽ ആത്മഹത്യ ചെയ്തു. 35 വയസുണ്ടായിരുന്ന അലക്സ് റെജിയാണ് ട്രാൻസ് ഹാർബറായ അടൽ സേതുവിൽ നിന്ന് ചാടി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് അലക്സ് പാലത്തിൽ നിന്നു ചാടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദേശസാത്കൃത ബാങ്കിൽ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തിൽ കാർ നിർത്തിയ ശേഷം കടലിൽ ചാടുകയായിരുന്നു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്.
അലക്സ് കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പൂനെ പിംപ്രിയിലാണ്അലക്സ് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. പിംപ്രി നിവാസിയായ അലക്‌സ് മുംബൈയിൽ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
ശവ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച പുനെയിൽ നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.