
ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ എൻസിപി എംഎൽഎ പ്രകാശ് സോളങ്കിയുടെ വീടിന് മറാഠ സംവരണ പ്രക്ഷോഭകർ തീവച്ചു. സോളങ്കി വീട്ടിലുള്ളപ്പോഴാണു സംഭവം. എന്നാൽ, അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും പരുക്കില്ല. വീടിന്‍റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ സമരക്കാർ തല്ലിത്തകർത്തു.
മറാഠ വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് ആക്റ്റിവിസ്റ്റ് മനോജ് ജരംഗെ പാട്ടീൽ 25ന് ആരംഭിച്ച നിരാഹാര സത്യഗ്രഹത്തിനെതിരേ സോളങ്കി നടത്തിയ പരാമർശമാണ് ആക്രമണത്തിനിടയാക്കിയതെന്നു കരുതുന്നു. അജിത് പവാർ നയിക്കുന്ന എൻസിപിയുടെ ഭാഗമാണു സോളങ്കി.
മറാഠ സംവരണ പ്രക്ഷോഭം കുട്ടിക്കളിയാണെന്നും ഒരു പഞ്ചായത്തിൽ പോലും മത്സരിച്ചു ജയിക്കാൻ പാട്ടീലിനു കഴിവില്ലെന്നും സോളങ്കി പരിഹസിച്ചിരുന്നു.
മുംബൈയില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ ജല്‍നയിലാണു പാട്ടീലിന്‍റെ നിരാഹാര സത്യഗ്രഹം. സംസ്ഥാന ജനസംഖ്യയുടെ 32% വരുന്ന പ്രബല സമുദായമാണ് മറാഠകള്‍. ഭൂവുടമകളാണു ഭൂരിപക്ഷവും. മിക്കവരുടെയും പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. വരള്‍ച്ചയും വിളനാശവുമുൾപ്പെടെ കൃഷി നഷ്ടത്തിലാക്കിയപ്പോൾ സംസ്ഥാന വ്യാപകമായി ഉയര്‍ന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, സുപ്രീം കോടതി ഇതു റദ്ദാക്കി. മറാഠകളില്‍ ഒരു വിഭാഗത്തെ ഒബിസി വിഭാഗത്തില്‍പെടുത്തി പ്രക്ഷോഭം തണുപ്പിക്കാന്‍ അടുത്തയിടെ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിനെതിരെ ഒബിസി സംഘടനകള്‍ രംഗത്തിറങ്ങുകയായിരുന്നു.