

മറാഠി-മലയാളി എത്ത്നിക് ഫെസ്റ്റ് ഫെബ്രുവരി 20 മുതല്‍
മുംബൈ: വര്‍ളി നെഹ്റു സയന്‍സ് സെന്‍ററും 'അമ്മ' (ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍) സംഘടനയും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന 'മറാഠി-മലയാളി എത്ത്നിക് ഫെസ്റ്റ്' ഏഴാം സീസണ്‍ ഫെബ്രുവരി 20, 21, 22 തീയതികളില്‍ അരങ്ങേറും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു സയന്‍സ് സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന ഈ ത്രിദിന മേള രണ്ട് സംസ്ഥാനങ്ങളുടെയും കലാവൈവിധ്യങ്ങളുടെ മഹാസംഗമമാകും. 2015 മുതല്‍ കുട്ടികള്‍ക്കായി ആരംഭിച്ച സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, 2017 മുതലാണ് നെഹ്റു സയന്‍സ് സെന്‍ററുമായി സഹകരിച്ച് വിപുലമായ രീതിയില്‍ എത്ത്നിക് ഫെസ്റ്റ് ആരംഭിച്ചത്. കൊവിഡ് കാലഘട്ടത്തിലൊഴികെ എല്ലാ വര്‍ഷവും മുടങ്ങാതെ മേള നടത്തിയിട്ടുണ്ട്.
ചിത്രരചന, പ്രസംഗം, ക്വിസ്, രംഗോളി, പൂക്കളം, ലാവണി, കോലി ഡാന്‍സ്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, എത്ത്നിക് ഫാന്‍സി ഡ്രസ്സ് തുടങ്ങിയ ഇനങ്ങളില്‍ സ്‌കൂള്‍ തല മത്സരങ്ങള്‍ നടക്കും. വിജയികളാകുന്ന കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും.
20ന് വൈകിട്ട് 6 മുതല്‍ മുതിര്‍ന്ന കലാകാരന്മാരും പ്രൊഫഷണല്‍ ഗ്രൂപ്പുകളും അണിനിരക്കുന്ന വര്‍ണ്ണാഭമായ കലാസന്ധ്യ അരങ്ങേറും. ലാവണി, കോളി ഡാന്‍സ് കഥകളി, മോഹിനിയാട്ടം, ഭരതനാട്യം , മംഗള ഗൗരി, മാര്‍ഗംകളി , ഒപ്പന തുടങ്ങിയ ഇരു സംസ്ഥാനങ്ങളുടെയും തനത് കലാരൂപങ്ങള്‍ ഈ വേദിയില്‍ അവതരിപ്പിക്കപ്പെടും. ഈ മെഗാ സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള കലാകാരന്മാര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന സമിതി തിരഞ്ഞെടുക്കുന്ന കലാകാരന്മാര്‍ക്ക് മാത്രമായിരിക്കും വൈകുന്നേരത്തെ സെഷനുകളില്‍ അവസരം ലഭിക്കുക.
പ്രവേശനം സൗജന്യമാണ്. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം'എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകള്‍ ക്രമീകരിക്കുന്നത്. അതിനാല്‍ പരിപാടി കാണാന്‍ എത്തുന്നവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് സീറ്റുകള്‍ ഉറപ്പാക്കാവുന്നതാണ്.കേവലം ഒരു ആഘോഷം എന്നതിലുപരി, ഭാരതീയ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ദേശീയോദ്ഗ്രഥന വേദിയായാണ് ഞങ്ങള്‍ ഇതിനെ വിഭാവനം ചെയ്യുന്നത്'' എന്ന് മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജോജോ തോമസ് പറഞ്ഞു.
മഹാരാഷ്ട്രയുടെയും കേരളത്തിന്റെയും പൈതൃകങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തുന്നതിലൂടെ മഹാനഗരത്തിലെ ജനങ്ങള്‍ക്കിടയില്‍ പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. വിവിധ മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും ,വിവിധ സംഘടനകള്‍ക്കും നെഹ്റു സയന്‍സ് സെന്ററിലെ ഗാലറികള്‍ സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടാം
mumbaiamma@gmail.com /9920442272 / 9821589956