

മാർക്ക് കാർണി
മുംബൈ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. പ്രധാനമേഖലകളില്‍ വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, പങ്കാളിത്തം വികസിപ്പിക്കുക എന്നിവയാണ് പ്രധാനലക്ഷ്യം. ഇന്ത്യയും കാനഡയുംതമ്മില്‍ നയതന്ത്രബന്ധങ്ങള്‍ വഷളായതിനുശേഷം ആദ്യമായാണ് കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. മുംബൈയില്‍ നിന്ന് ശനിയാഴ്ച അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും. മുംബൈയില്‍ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
മാര്‍ക്ക് കാര്‍ണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദര്‍ശനമാണിത്. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള കാര്‍ണിയുടെ ശ്രമമായാണ് യാത്രയെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് കാര്‍ണി ഇന്ത്യയിലെത്തിയത്.
പ്രതിരോധം, ഊര്‍ജം, നിര്‍മിതബുദ്ധി എന്നിവയുള്‍പ്പെടെയുള്ള പ്രധാനമേഖലകളില്‍ ഉഭയകക്ഷിബന്ധങ്ങള്‍ വികസിപ്പിക്കുക, പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് കാര്‍ണിയുടെ ഓഫീസ് നേരത്തേ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി-20 നേതാക്കളുടെ ഉച്ചകോടിക്കിടെയാണ് മോദിയും കാര്‍ണിയും അവസാനമായി കണ്ടത്.