

മാര്‍ത്തോമ സഭാ മുംബൈ ഭദ്രാസനം കണ്‍വന്‍ഷന്‍
മുംബൈ: നമ്മുടെ പ്രയാണം ഇന്നലെകളെ നോക്കി ഇന്നിന്റെ യാഥാര്‍ഥ്യം മനസിലാക്കി നാളയിലെക്കുള്ള യാത്ര ആയിരിക്കണമെന്നും ഒപ്പം സ്‌നേഹം കാക്കുന്ന കര്‍മം ചെയ്യുന്നവര്‍ ആയിത്തീരണമെന്നും മാര്‍ത്തോമ്മാ മുംബൈ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ പറഞ്ഞു.
മാര്‍ത്തോമ സഭ മുംബൈ ഭദ്രാസനത്തിന്‍റെ 20-മത് കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എപ്പിസ്‌കോപ്പ. തിങ്കളാഴ്ച രാവിലെ 8.30ന് വാഷി സിഡ്‌കോ ലോണില്‍ നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക് മുംബൈ ഭദ്രാസനാധിപന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍, ഭദ്രാസനത്തിന്‍റെ രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. പന്‍വേലില്‍ മുംബൈ ഭദ്രാസനത്തിന്റെ സ്ഥലത്ത് മുംബൈ ടാറ്റ ആശുപത്രിയുടെ സഹായത്തോടുകൂടി നിര്‍മ്മിക്കുന്ന ഹോസ്പീസ് സെന്‍റന്‍റിന്‍റെ തറക്കല്ലിടീല്‍ ഫെബ്രുവരി 23ന് രാവിലെ 10.30ന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രപ്പോലീത്ത നിര്‍വഹിക്കും.
ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ബാധിച്ച്, ഇനി ചികിത്സ ഒന്നുമില്ല എന്ന സാഹചര്യത്തില്‍ കഴിയുന്ന നിരാലംബരായ ആളുകളുടെ സ്ഥിതി വളരെ സങ്കടകരവും ദുഷ്‌കരവും ആണ്. ഇങ്ങനെയുള്ള ആളുകള്‍ക്ക് കാരുണ്യ സ്പര്‍ശമായി, പ്രത്യാശയുടെയും ആശ്വാസത്തിന്‍റെയും സാന്നിധ്യമായിരിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് ഈ സംരംഭം തുടങ്ങുന്നത്.വൈകിട്ട് 3ന് ലോണാവാലയിലുള്ള മാര്‍ത്തോമ ക്യാമ്പ് സെന്ററിന്‍റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ കല്ലിടീല്‍ കര്‍മ്മവും മെത്രപ്പോലീത്ത നിര്‍വഹിക്കും എന്ന് ഭദ്രാസന എപ്പിസ്‌കോപ്പ തിങ്കളാഴ്ച വാഷില്‍ നടന്ന യോഗത്തില്‍ പറഞ്ഞു.