
മെട്രോ 3
മുംബൈ: മെട്രൊ നഗരം എന്ന വിളിപ്പേര് ഒടുവില്‍ യാഥാര്‍ഥ്യമാക്കി മുംബൈ. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മെട്രൊ സര്‍വീസുകള്‍ നേരത്തെ നടത്തിയിരുന്നെങ്കിലും തന്ത്രപ്രധാനമേഖലകളെ ബന്ധിപ്പിച്ച് ഒരു മെട്രൊ കഴിഞ്ഞ ദിവസം വരെ മുംബൈ നഗരത്തില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ വ‍്യഴാഴ്ച മുതല്‍ അക്വാലൈന്‍ എന്നറിയപ്പെടുന്ന ഭൂഗര്‍ഭ മെട്രൊയായ മെട്രൊ 3 പ്രവര്‍ത്തനസജ്ജമായതോടെ ശരിക്കും മെട്രൊ നഗരമായി മുംബൈ മാറിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും സമ്പന്ന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കും സെന്‍ട്രല്‍ റെയില്‍വേയുടെ സിഎസ്എംടിയിലേക്കും നാവിക സേനയുടെ ആസ്ഥാനമായ കൊളാബയിലേക്കും ഇനി മെട്രൊയില്‍ യാത്ര ചെയ്യാം.
മുംബൈ നഗരവീഥികളെ കോര്‍ത്തിണക്കുന്ന ആദ്യ മെട്രൊയാണിത്. ആധുനികകാലത്തെ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായും ഭൂഗര്‍ഭ പാതയിലൂടെയുള്ള ഈ ഇടനാഴി പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ബദല്‍ മാര്‍ഗമാണ്. ലോക്കല്‍ ട്രെയിന്‍ പാതകള്‍ക്ക് സമാനമായി മുംബൈ നഗരത്തില്‍ ആകെ മെട്രൊ ലൈനുകള്‍ നിര്‍മിക്കുന്നതിന്‍റെ തിരക്കിലാണ് സര്‍ക്കാര്‍.
നഗരത്തില്‍ പുരോഗമിക്കുന്ന മെട്രൊ പദ്ധതികള്‍ മാത്രം ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ ദിവസം തുറന്ന അക്വാലൈന്‍ നിര്‍മാണത്തിന് 38000 കോടി രൂപയിലേറെയാണ് ചെലവ്. ഇതിനൊപ്പം മുംബൈ വിമാനത്താവളത്തെയും നവിമുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മറ്റൊരു മെട്രൊ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 24 കോടി രൂപയാണ് ഇതിന് ചെലവ്. ഉദ്ഘാടനത്തിന് തയാറാകുന്ന എട്ടോളം പദ്ധതികളും പണിപ്പുരയിലാണ്.
ബുധനാഴ്ച പ്രധാനമന്ത്രി തുറന്ന് നല്‍കിയ മെട്രൊ മൂന്നില്‍ കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 70 രൂപയുമാണ്. നഗരഗതാഗത്തില്‍ സുപ്രധാന പാതയായിമാറുന്ന മെട്രൊ മൂന്നില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലേക്കും ധാരാവിയിലേക്കും സിദ്ധിവിനായക ക്ഷേത്രത്തിലേക്കും പ്രവേശനം ലഭിക്കുന്ന വിധത്തില്‍ സ്റ്റേഷനുകളും ഉണ്ട്.