ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനസ് നിര്‍മാണം അതിവേഗമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ഭൂഗര്‍ഭ ടെര്‍മിനസ് നിർമാണത്തിനായി മണ്ണ് നീക്കുന്ന ജോലികളില്‍ 76 ശതമാനം പൂര്‍ത്തിയായി
Minister Ashwini Vaishnav says construction of bullet train terminus is going on at a fast pace

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

file
Updated on

മുംബൈ: ബാന്ദ്രകുര്‍ള കോംപ്ലക്‌സിലെ ബുള്ളറ്റ് ട്രെയിന്‍ ടെര്‍മിനസിന്‍റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിർമാണപുരോഗതി നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ഭൂഗര്‍ഭ ടെര്‍മിനസ് നിര്‍മാണത്തിനായി മണ്ണ് നീക്കുന്ന ജോലികളില്‍ 76 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. ബി 1 മുതല്‍ ബി 3 വരെയുള്ള നിലകളിലാണ് ബുള്ളറ്റ് ട്രെയിനിന്‍റെ ടെർമിനസ് വരുന്നത്.

ബി 1 തറനിരപ്പിലാണ്. യാത്രക്കാര്‍ പുറത്തുനിന്ന് ടെര്‍മിനസിലേക്കു കയറുന്നത് ഇവിടെ നിന്നായിരിക്കും. ബി 2ല്‍ നിന്നായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍. ഏറ്റവും താഴെയുള്ള ബി 3 ബുള്ളറ്റ് ട്രെയിനുകളുടെ പാര്‍ക്കിങ്ങിനുള്ള സ്ഥലമാണ്.

ബി 3 എന്ന ഏറ്റവും താഴത്തെ നിലയില്‍ ഭിത്തി ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായി. 2028ല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 1.08 ലക്ഷം കോടി രൂപയാണ് ആകെ ചെലവ്. 10,000 കോടി രൂപ കേന്ദ്രവും 5000 കോടി രൂപ വീതം മഹാരാഷ്ട്രയും ഗുജറാത്തുമാണ് മുടക്കുന്നത്. ശേഷിക്കുന്ന തുക ജപ്പാനില്‍ നിന്ന് 0.1 ശതമാനം പലിശയ്ക്ക് ലോണായി എടുക്കുന്നതാണ്.

508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്. അടുത്ത വര്‍ഷമാദ്യം ബുള്ളറ്റ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്ന് രാജ്യത്തെത്തും . ഓടിച്ച് പഠിക്കുന്നതിനൊപ്പം സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കുന്നതിനായാണ് നേരത്തെ ട്രെയിനുകള്‍ എത്തിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ബികെസിയില്‍ നിന്ന് ഹൈദരാബാദിലേക്കും ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതികള്‍ ആസൂത്രണത്തിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com