
ഗണേഷ് നായിക്ക്, ഏക്‌നാഥ് ഷിന്‍ഡെ
നവിമുംബൈ: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശിവസേന-ബിജെപി നേതാക്കള്‍ തമ്മില്‍ പോര് രൂക്ഷമാകുന്നു. നവി മുംബൈയുടെ ആധിപത്യത്തിനു വേണ്ടി ബിജെപി നേതാവും മന്ത്രിയുമായ ഗണേഷ് നായിക്കും ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയും തമ്മിലാണ് ഏറ്റുമുട്ടല്‍.
അടുത്തിടെ നവിമുംബൈയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ സംസാരിക്കവെ ഗണേഷ് നായിക് സിഡ്കോയിലും നവിമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഷിന്‍ഡെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് വന്‍ അഴിമതികള്‍ നടന്നെന്ന് ആരോപിച്ചിരുന്നു.
കുടിവെള്ളം മുതല്‍ പൊതുജനാവശ്യങ്ങള്‍ക്കായി നീക്കിവെച്ച സ്ഥലങ്ങള്‍വരെ പുറത്തുനിന്നുവന്നവര്‍ കവരുകയാണെന്നും സിഡ്കോയിലും എന്‍എംഎംസിയിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നതെന്നും ഗണേഷ് നായിക് ആരോപിച്ചു.
ഇതോടെ ശിവസേന പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കമ്മിഷണര്‍ കൈലാസ് ഷിന്‍ഡെയ്ക്ക് നിവേദനം നല്‍കി. അടിസ്ഥാനമില്ലാതെ ആരോപണമുന്നയിക്കുന്ന ഗണേഷ് നായിക്കിനെ വഴിയില്‍ തടയുമെന്നാണ് ഷിന്‍ഡെ വിഭാഗത്തിന്‍റെ ഭീഷണി.