
മാതൃദിനാഘോഷവും സാഹിത്യ സായാഹ്നവും
മുംബൈ: കേരളീയ സമാജം, ഡോംബിവലി, ലോക മാതൃദിന ആഘോഷവും സമാജത്തിന്‍റെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നവും സംയുക്തമായി നടത്തി. വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍, ജി സി അംഗം ശ്യാമ. കെ. നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇന്ദിര കുമുദ് മുഖ്യാതിഥിയായിരുന്നു.
ഇന്ത്യ - പാക് സംഘര്‍ഷ മുഖത്തെ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യവും വീരമൃത്യുവരിച്ച സൈനികര്‍ക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ക്കും ആദരാഞ്ജലികളും അര്‍പ്പിച്ചുകൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്.
തുടര്‍ന്ന് സമാജം മുന്‍ കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറി ടി.കെ. രാജേന്ദ്രന്‍ 'അമ്മ' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
മാതൃദിനത്തിന്‍റെ ഭാഗമായി സദസില്‍ സന്നിഹിതരായിരുന്ന എല്ലാ അമ്മമാരെയും പുച്ചെണ്ടും മധുരവും നല്‍കി സമാജം ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ആദരിച്ചു . സമാജം അംഗങ്ങള്‍ക്കായി നടത്തി വരുന്ന വിവിധ സൗജന്യ പരിശീലന ക്ലാസുകളിലെ അമ്മമാരായ ഗുരുക്കളെയും ചടങ്ങില്‍ ഫലകവും പൂച്ചെണ്ടും നല്‍കി സമാജം ആദരിച്ചു.
സമാജം അംഗങ്ങളായ അമ്മമാരും കുട്ടികളും ചേര്‍ന്നവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. കലാവിഭാഗം സെക്രട്ടറി സുരേഷ് ബാബു കെ.കെ നന്ദി പറഞ്ഞു.