മുംബൈയുടെ മാലിന്യം തള്ളുന്ന ദേവ്‌നര്‍ ഡംപിങ് യാര്‍ഡിലേക്ക് ധാരാവിക്കാരെ മാറ്റാന്‍ നീക്കം

കുടിയൊഴിപ്പിക്കല്‍ പുനര്‍ നിര്‍മാണത്തിന്‍റെ പേരില്‍
Move to shift Dharavi residents to Mumbai's garbage dumping yard

ധാരാവി

Updated on

മുംബൈ: ധാരാവി പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായി നിലവിലുള്ള താമസക്കാരെ ദേവ്‌നര്‍ ഡംപിങ് യാര്‍ഡിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതില്‍ കനത്ത പ്രതിഷധം.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവിടേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

അന്ന് മുതല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ധാരാവിയിലെ ഒരു ലക്ഷത്തോളം വീടുകളുടെ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് നിലവില്‍ മാലിന്യനിക്ഷേപം നടക്കുന്ന സ്ഥലത്തേക്ക് ഇവരെ തള്ളാനുള്ള നീക്കം നടത്തുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഈ സ്ഥലംമാറ്റ പദ്ധതി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) നിശ്ചയിച്ചിട്ടുള്ള പരിസ്ഥിതി നിയമങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

മുംബൈ നഗരത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ദേവ്‌നര്‍ ഡംപിങ് യാര്‍ഡ്. ഇന്ത്യയിലെ ഏറ്റവും വലിയ 22 മീഥേന്‍ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായാണ് പ്രദേശത്തെ കണക്കാക്കുന്നത്.

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് സമര്‍പ്പിച്ച 2024 ലെ സിബിസിബി റിപ്പോര്‍ട്ട് അനുസരിച്ച് ഓരോ മണിക്കൂറിലും ശരാശരി 6,202 കിലോഗ്രാം മീഥേനാണ് ഇവിടെ നിന്ന് പുറന്തള്ളുന്നത്.

സിപിസിബിയുടെ 2021 ലെ നിർദേശങ്ങൾ അനുസരിച്ച് മാലിന്യക്കൂമ്പാരത്തില്‍ ആശുപത്രികളോ വീടുകളോ സ്‌കൂളുകളോ ഒന്നും തന്നെ നിര്‍മിക്കാന്‍ കഴിയില്ല. മാത്രമല്ല, മാലിന്യക്കൂമ്പാരത്തിന്‍റെ അതിര്‍ത്തിക്ക് ചുറ്റും 100 മീറ്ററിൽ മറ്റ് നിർമാണ പ്രവർത്തനങ്ങളും പാടില്ല.

ധാരാവിയിലെ താമസക്കാരെ മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റുമ്പോൾ ഇതിവരോട് ചെയ്യുന്ന വലിയ ചതിയാണെന്ന വിലയിരുത്തലും ഉണ്ട്. ഈ 124 ഏക്കര്‍ സ്ഥലത്ത് ഇപ്പോഴും 80 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അദാനിക്ക് ലാഭം ഉണ്ടാക്കുന്ന പദ്ധതി

ധാരാവിയുടെ 600 ഏക്കര്‍ സ്ഥലത്ത് നിന്ന് 296 ഏക്കറാണ് ധാരാവി പുനര്‍വികസന പദ്ധതിക്കായി (ഡിആര്‍പി) നീക്കി വച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ മെച്ചപ്പെട്ട ഭവനങ്ങളും സേവനങ്ങളുമുള്ള ഒരു ആധുനിക നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെങ്കിലും ആത്യന്തികമായി അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടാകുന്ന പദ്ധതിയാണിത്.

നവഭാരത് മെഗാ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (എന്‍.എം.ഡി.പി.എല്‍) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. അദാനി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് 80 ശതമാനവും സംസ്ഥാന ഭവന വകുപ്പിന്‍റെ ചേരി പുനരധിവാസ അതോറിറ്റിക്ക് 20 ശതമാനവും ഉടമസ്ഥതയുള്ള സംയുക്ത സംരംഭമാണിത്.

ധാരാവി പുനര്‍വികസന പദ്ധതി പ്രകാരം, താമസക്കാരെ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. 2000 ജനുവരി ഒന്നിനോ അതിനുമുമ്പോ വീടുകള്‍ നിര്‍മിച്ചവരാണ് അര്‍ഹരായ ഗുണഭോക്താക്കള്‍. ഏകദേശം 1.5 ലക്ഷം ആളുകള്‍ക്ക് ധാരാവിയില്‍ സൗജന്യമായി വീടുകള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് വീടുകള്‍ക്ക് അര്‍ഹതയില്ല. ഇവരെയെല്ലാം ഇവിടെ നിന്ന് ഒഴിപ്പിക്കും.

ഇതിനൊപ്പം അദാനി ഗ്രൂപ്പിന് ധാരാവിയിലെ അവശേഷിക്കുന്ന സ്ഥലത്ത് വാണിജ്യ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനാകും. ഇതിലൂടെ ശതകോടികളുടെ ലാഭം അദാനി ഗ്രൂപ്പിന് ലഭിക്കും. മുംബൈയുടെ ഹൃദയഭാഗം പൂര്‍ണമായും അദാനി ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലും ആകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com