

മുംബൈയിൽ അടച്ചിട്ട ഒരു സിഎൻജി പമ്പിനു മുന്നിൽ കാത്തുകിടക്കുന്ന ഓട്ടോ റിക്ഷകൾ.
മുംബൈ: ഗെയിൽ (GAIL) കമ്പനിയുടെ പ്രധാന ഗ്യാസ് വിതരണ പൈപ്പ് ലൈനിൽ അപ്രതീക്ഷിതമായി തകരാറ് സംഭവിച്ചതിനെ തുടർന്ന് മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള സിഎൻജി (CNG) വിതരണം പൂർണമായി തടസപ്പെട്ടു. ആർസിഎഫ് (RCF) കോമ്പൗണ്ടിനുള്ളിലെ പ്രധാന ഗ്യാസ് പൈപ്പ് ലൈനാണ് തകർന്നത്.
ഗെയിൽ പൈപ്പ് ലൈനിലെ തകരാറ് കാരണം വഡാലയിലെ മഹാനഗർ ഗ്യാസ് ലിമിറ്റഡിന്‍റെ (MGL) സിറ്റി ഗേറ്റ് സ്റ്റേഷനിലേക്കുള്ള (CGS) ഗ്യാസ് വിതരണത്തെയാണ് ബാധിച്ചത്. എങ്കിലും, വീടുകളിൽ പൈപ്പ് വഴി ഗ്യാസ് ഉപയോഗിക്കുന്ന പിഎൻജി (PNG) ഉപയോക്താക്കൾക്ക് വിതരണം മുടങ്ങില്ലെന്ന് MGL ഉറപ്പ് നൽകി. ഗാർഹിക ഉപയോക്താക്കൾക്ക് തടസമില്ലാതെ ഗ്യാസ് ലഭ്യത ഉറപ്പാക്കാൻ മുൻഗണന നൽകുമെന്നും കമ്പനി അറിയിച്ചു.
എന്നാൽ, വഡാലയിലെ സിജിഎസിലേക്കുള്ള വിതരണം നിലച്ചതിനാൽ, മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ സിഎൻജി സ്റ്റേഷനുകൾ പ്രവർത്തിച്ചേക്കില്ല. പൊതുഗതാഗത സ്ഥാപനങ്ങൾക്കായുള്ള പ്രത്യേക സിഎൻജി സ്റ്റേഷനുകളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് ഇതര ഇന്ധന മാർഗങ്ങളിലേക്കു മാറാൻ നിർദേശം നൽകിയിട്ടുണ്ട്.
പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് വഡാലയിലെ സിജിഎസിലേക്ക് വിതരണം പുനസ്ഥാപിക്കുന്ന മുറയ്ക്ക് MGL ശൃംഖലയിലുടനീളമുള്ള ഗ്യാസ് വിതരണം സാധാരണ നിലയിലാകുമെന്നും, ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും MGL പ്രസ്താവനയിൽ അറിയിച്ചു.