

ഏക്നാഥ് ഷിന്‍ഡെ
മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ പദവി ആദ്യ രണ്ടര വര്‍ഷം തന്‍റെ പാര്‍ട്ടിക്ക് വേണമെന്ന് ബിജെപിയോട് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൂറുമാറ്റം ഭയന്ന് നവാഗതരായ ശിവസേന കോര്‍പറേറ്റര്‍മാരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ദേശപ്രകാരം ബാന്ദ്രയിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് ബിജെപിക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും മുന്നില്‍ ഷിന്‍ഡെ ആവശ്യം ഉന്നയിച്ചത്.
ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും സഖ്യകക്ഷിയായ ഷിന്‍ഡെയുടെ പിന്തുണയില്ലാതെ ഭരണം പിടിക്കാനാകില്ല. 30ല്‍ അധികം വര്‍ഷങ്ങളായി ശിവസേനയില്‍ നിന്നാണ് മുംബൈ മേയര്‍. ഇത്തവണ ഏത് വിധേനയും ബിജെപി മേയര്‍ സ്ഥാനം പിടിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.
227 അംഗങ്ങളുള്ള മുംബൈ കോര്‍പ്പറേഷനില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 114 സീറ്റുകളാണ്. ബിജെപി 89 സീറ്റുകളും ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന 29 സീറ്റുകളുമാണ് നേടിയത്. ഇതോടെ ഭരണസഖ്യത്തിന് ആകെ 118 സീറ്റുകളായി. ഇത് കേവല ഭൂരിപക്ഷത്തേക്കാള്‍ നാല് സീറ്റുകള്‍ മാത്രം കൂടുതലാണ്. ഭൂരിപക്ഷം നേരിയതായതിനാല്‍ അവസാന നിമിഷം ഉണ്ടാകാനിടയുള്ള കൂറുമാറ്റങ്ങളോ അട്ടിമറികളോ ഒഴിവാക്കാനാണ് കോര്‍പറേറ്റര്‍മാരെ ഹോട്ടലിലേക്ക് മാറ്റിയത്. താക്കറേമാര്‍ക്ക് ഇരുവര്‍ക്കുമായി 71 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 24 സീറ്റുകളും ലഭിച്ചതിനാല്‍ ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ഉദ്ധവിലേക്ക് ആരെങ്കിലും കൂറുമാറുമോയെന്ന ഭയവും എന്‍ഡിഎ മുന്നണിക്കുണ്ട്. രാഷ്ട്രീയ നാടകങ്ങള്‍ക്ക് പല തവണ വേദിയായിട്ടുള്ള മഹാരാഷ്ട്രയില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പും പുതിയ പരീക്ഷണശാലയാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.