മുംബൈ: ശ്രീലങ്കയിൽ നടന്ന അന്തർദേശീയ മാസ്റ്റേഴ്‌സ് അത‌്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5കിലോ മീറ്റർ നടത്തത്തിൽ സ്വർണവും 400 മീറ്റർ ഓട്ടത്തിൽ വെങ്കലവും കരസ്ഥമാക്കി മുംബൈ വസായ് മലയാളി സിന്ധു അച്യുതൻ.
ശ്രീലങ്ക മഹീന്ദ്ര രജപക്ഷെ സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് സിന്ധു പങ്കെടുത്തത്. 2022 മേയിൽ ബംഗളൂരുവിൽ നടന്ന പാൻഇന്ത്യ മാസ്റ്റേഴ്സ് കായിക മത്സരങ്ങളിലും
ഡൽഹിയിൽ നടന്ന ഖേലോ ഇന്ത്യ മാസ്റ്റേഴ്സ് കായിക മത്സരങ്ങളിലും 2023 ഫെബ്രുവരിയിൽ ദേശീയ തലത്തിൽ നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ 5മത് ദേശീയ ഗെയിംസ് മത്സരങ്ങളിലും മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിരുന്നു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഇനങ്ങളിൽ സിന്ധു അന്നു സ്വർണം നേടിയിരുന്നു.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ചുണങ്ങാട് സ്വദേശിനിയായ സിന്ധു, വിവാഹ ശേഷം മുംബൈ വസായിയിൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കി വരുമ്പോഴാണ് തന്‍റെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ കായിക താത്പര്യങ്ങൾ വീണ്ടും പൊടിതട്ടി എടുക്കുന്നത്.
ആദ്യകാലത്ത് ബസ്സീൻ കേരള സമാജം നടത്തി വന്നിരുന്ന കായിക മത്സരങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കായിക താത്പര്യങ്ങൾ 2011 കാലത്ത് ആരംഭിച്ച വസായ് വിരാർ മേയർ മാരത്തോണിലൂടെയാണ് വിശാലമായത്. പിന്നീട് നിരന്തര പരിശീലനത്തിലൂടെ സിന്ധു തന്‍റെ കഴിവുകൾ വീണ്ടെടുക്കുകയായിരുന്നു.