

മുംബൈ: മുംബൈ മാർവേയിൽ മുങ്ങിമരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ രാവിലെ 9.30ഓടെയാണ് മലാഡ് വെസ്റ്റിൽ മാൽവാനി മാർവേയിലാണ് അപകടം നടന്നത്.12 നും 16 നും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർഥികൾ കടൽത്തീരത്തു ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നും പിന്നീട് അതിലൊരാൾ അപകടത്തിൽപെട്ടപ്പോൾ മറ്റു നാലുപേരും രക്ഷപെടുത്താൻ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേരെ ഉടൻ തന്നെ അവിടെയുള്ള മത്സ്യ ബന്ധന തൊഴിലാളികൾ രക്ഷപെടുത്തുകയായിരുന്നു.
മറ്റ് മൂന്ന് പേർക്കായി അഗ്നിശമന സേന, പൊലീസ്, കോസ്റ്റ് ഗാർഡ്, നാവികസേനയുടെ മുങ്ങൽ വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം ഒരു ഹെലികോപ്റ്ററും വിന്യസിച്ചു. രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. കാണാതായ മൂന്ന് ആൺകുട്ടികളുടെ മൃതദേഹങ്ങൾ ഓപ്പറേഷനിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതായി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
മലാഡ് വെസ്റ്റ് മാർവ്വേയിൽ താമസിക്കുന്ന തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശികളായ ഷാജി അശ്വതി ദമ്പതികളുടെ മകൻ നിഖിൽ(14) മാൽവാനി മാർവേ സെന്റ് ആന്റണി ഹൈസ്ക്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. നിഖിലിനെ കൂടാതെ,അജയ് ജിതേന്ദ്ര ,ശുഭം രാജ്കുമാർ ജയ്സ്വാൾ എന്നിവരാണ് മരണമടഞ്ഞത്. അതേസമയം സംസ്ക്കാരം ഇന്ന് വൈകീട്ട് 5.30 ക്ക് ശേഷം നടക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.