
മുംബൈ : മുംബൈയുടെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണു മാതേരാൻ ഹിൽ സ്റ്റേഷൻ. മഹാനഗരത്തോട് ഏറ്റവും അടുത്തുള്ളതും മനോഹരവുമായ ഇടം. ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 22 നാണു നേറൽ-മാതേരാൻ ടോയ് ട്രെയിൻ പുനരാരംഭിച്ചത്. അന്നു മുതൽ മാതേരാനിലേക്ക് പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു എന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
2022 ഒക്‌ടോബർ മുതൽ 2023 ഫെബ്രുവരി 10 വരെ, 1,340 വിസ്റ്റ ഡോം ടിക്കറ്റുകളും 1,849 ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളും, 18,051 സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും ഉൾപ്പെടെ മൊത്തം 21,240 ടിക്കറ്റുകൾ വിറ്റു, 29 ലക്ഷം രൂപ വരുമാനം രേഖപ്പെടുത്തി. ഇത് കൂടാതെ, അമൻ ലോഡ്ജിനും മാതേരാനുമിടയിൽ സെൻട്രൽ റെയിൽവേ പതിവായി ഷട്ടിൽ സർവീസുകളും നടത്തുന്നു.
അടുത്തിടെ റെയിൽവേ ടോയ് ട്രെയിനിൽ ഒരു പ്രത്യേക എസി കോച്ച് ഘടിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. എട്ടു സീറ്റുകളാണ് ഈ റയിൽവേ കോച്ചിലുള്ളത്. നെറലിൽ നിന്ന് മാതേരാനിലേക്കും തിരിച്ചും ഒരു റൗണ്ട് ട്രിപ്പ് അടിസ്ഥാനത്തിൽ ബുക്കിംഗിനും, അതേ ദിവസം രാത്രി താമസത്തിനും ഇത് ലഭ്യമാകും. ഈ വരുന്ന അവധിക്കാലം വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നതെന്ന് മാതേരാനിൽ വർഷങ്ങളായി ഹോട്ടൽ ബിസിനസ് നടത്തുന്ന സതീഷ് പറഞ്ഞു. സലൂൺ കോച്ചിനായി താൽപ്പര്യമുള്ളവർക്ക് ബുക്കിങ്ങിനായി നെറലിലെ ചീഫ് ബുക്കിംഗ് സൂപ്പർവൈസറെ ബന്ധപ്പെടാം.