മുംബൈ-പൂനെ യാത്ര ഇനി കൂടുതല്‍ സുഖകരം

മിസിംഗ് ലിങ്ക് റോഡ് തുറന്നു
Mumbai-Pune journey now more comfortable

മിസിങ് ലിങ്ക് റോഡ്

Updated on

മുംബൈ: മുംബൈ-പൂനെ യാത്ര കൂടുതല്‍ സുഖകരമാക്കുന്ന മിസിങ് ലിങ്ക് റോഡ് തുറന്നു. സഹ്യാദ്രി മലനിരകളിലൂടെ നിര്‍മിച്ച ഈ പുതിയ പാത യാത്രാസമയത്തില്‍ ഗണ്യമായി കുറവ് വരുത്തും.

വേഗതയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടണലുകളും ഉയര്‍ന്ന നിലവാരത്തിലുള്ള റോഡ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയതിനാല്‍ ഗതാഗതക്കുരുക്കും അപകടസാധ്യതയും കുറയുമെന്നാണ് പ്രതീക്ഷ.ആദ്യഘട്ടത്തില്‍ കാറുകള്‍ക്കും ബസുകള്‍ക്കും മാത്രമാണ് പ്രവേശനം.ഇരുചക്രവാഹനങ്ങള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് പാതയില്‍ വിലക്കുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് 6600 കോടി രൂപയ്ക്ക് നിര്‍മിച്ച പാത തുറന്ന് കൊടുത്തത്.

13.85 കിലോമീറ്ററാണ് മിസിങ് ലിങ്ക് റോഡ്. ഖോപോളിക്കും കുസ്ഗാവിനുമിടയിലാണു പാത നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വളഞ്ഞുചുറ്റി പോകുന്ന 19.80 കിലോമീറ്റര്‍ ഭാഗത്തെ യാത്ര ഒഴിവാകും എന്നതാണു മിസിങ് ലിങ്ക് പൂര്‍ത്തിയാകുന്നതോടെയുള്ള നേട്ടം.

രണ്ടു തുരങ്കങ്ങളും കേബിള്‍ സ്റ്റയേഡ് പാലവും ഉള്‍പ്പെടുന്നതാണ് പാത. 1.75 കിലോമീറ്റര്‍, 8.95 കിലോമീറ്റര്‍ എന്നിങ്ങനെയുള്ള രണ്ട് തുരങ്കങ്ങള്‍ മലകള്‍ തുരന്നാണുണ്ടാക്കിയത്. അവയെ ബന്ധിപ്പിച്ചാണു കേബിള്‍ സ്റ്റേയ്ഡ് പാലം നിര്‍മിച്ചിരിക്കുന്നത്. ലോണാവാലയ്ക്കു സമീപം പ്രശസ്തമായ ഖണ്ഡാല താഴ്വാരത്തിനു മുകളില്‍ 100 മീറ്റര്‍ ഉയരത്തിലൂടെയാണു പാലം കടന്നുപോകുന്നത്.

പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണു കേബിള്‍ സ്റ്റേയ്ഡ് പാലം നിര്‍മിച്ചത്. വലിയ ദൃശ്യവിരുന്നാണ് പാതയിലൂടെയുള്ള യാത്ര നല്‍കുന്നത്.

logo
Metro Vaartha
www.metrovaartha.com